13
Jun 2026
Tue
13 Jun 2026 Tue
ma baby and mv govindan

എല്‍ഡിഎഫ് പരാജയത്തില്‍ തുറന്ന് പറച്ചിലുമായി മുന്‍ മന്ത്രി പി രാജീവും. പി ഗോവിന്ദനെതിരേ ഒളിയമ്പെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. മലപ്പുറം അരീക്കോട് നടന്ന ഇഎംഎസ് സെമിനാറിലായിരുന്നു നേതാക്കളുടെ തുറന്ന് പറച്ചില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്‍ഡിഎഫ് അല്ലാതെ മാറ്റാരുണ്ടെന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പി രാജീവ് പറഞ്ഞു. കമ്പ്യൂട്ടറില്‍ ചെയ്യുന്നത് പോലെ ‘Undo’ അടിക്കാന്‍ പറ്റില്ലല്ലോ. ഇത് ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചെന്നും പി രാജീവ് പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റുപറ്റി. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടി എടുക്കണമായിരുന്നുവെന്നും പി രാജീവ് പറഞ്ഞു.

ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ ബേബിയുടെ ഒളിയമ്പ്

തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സ്വയം ഔചിത്വം പാലിക്കണമായിരുന്നുവെന്ന് എം.വി.ഗോവിന്ദന്റെ പേരെടുത്ത് പറയാതെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പരിപാടിയില്‍ വിമര്‍ശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കുടുംബാംഗങ്ങള്‍ മത്സരിച്ച ഇടങ്ങളിലെല്ലാം ജനങ്ങള്‍ അവരെ തിരഞ്ഞുപിടിച്ച് തോല്‍പ്പിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് ഇത് ആവര്‍ത്തിച്ചുവെന്നായിരുന്നു ചോദ്യം. ഇതിനോട് പ്രതികരിക്കവെയാണ് ബേബി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ചത്.

ഒരാള്‍ സ്വന്തം അര്‍ഹത കൊണ്ട് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാര്‍ട്ടി പോകേണ്ടതില്ല. എന്നാല്‍ ഒരു നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് പാര്‍ട്ടിയെ മൊത്തത്തില്‍ കടന്നാക്രമിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് തോന്നുകയാണെങ്കില്‍, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം. അത്തരമൊരു സാഹചര്യത്തില്‍ താനുമായി ബന്ധപ്പെട്ട ഒരാള്‍ക്ക് പകരം മറ്റൊരാള്‍ മതി എന്ന് തീരുമാനിക്കാന്‍ നേതാവ് തന്നെ മുന്‍കൈയെടുക്കുന്നതാണ് ശരിയായ രീതിയെന്ന് അദ്ദേഹം വിശദീകരിച്ചു. കണ്ണൂരില്‍ ഉണ്ടായ ഒരു സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല എന്ന സ്വയംവിമര്‍ശനം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തുകയും അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബേബി പറഞ്ഞു.

ALSO READ: മൈതാനത്ത് ‘തോക്കെടുത്ത്’ ഇറാന്‍ താരം മൊഹെബി; ലോകകപ്പിലെ ഗോള്‍ ആഘോഷം വിവാദത്തില്‍

വിഷയത്തില്‍ മാധ്യമങ്ങള്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്നും ബേബി ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ കാര്യത്തില്‍ അച്ഛന്‍, മകന്‍, ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ ബന്ധങ്ങളുള്ള ഒട്ടേറെപ്പേര്‍ സ്ഥാനാര്‍ത്ഥികളാകുകയും വിജയിക്കുകയും ചെയ്തിട്ടും മാധ്യമങ്ങള്‍ അത് പ്രശ്നമാക്കാറില്ല. എന്നാല്‍ സിപിഐഎമ്മില്‍ അത്തരത്തിലുള്ള ആക്ഷേപം വന്നത് രണ്ടോ മൂന്നോ കേസുകളില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ ഒന്നാമതായി ജനസേവകരാണെന്നും ഏതു സാഹചര്യത്തിലും അവരോട് മാന്യമായും സ്നേഹത്തോടെയും പെരുമാറണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. താഴെത്തട്ടില്‍ ജനങ്ങളുമായി ബന്ധം മുറിഞ്ഞുപോകുന്നത് പ്രസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും വിമര്‍ശനങ്ങളെയും സ്വയംവിമര്‍ശനങ്ങളെയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കണമെന്നും ബേബി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ക്കെതിരെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വെള്ളാപ്പള്ളിയെ ഇതിലും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കേണ്ടതായിരുന്നു എന്നൊരു വിലയിരുത്തല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നടത്തിയെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്റെ നേതൃത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊളിറ്റ് ബ്യൂറോയില്‍ വോട്ടെടുപ്പ് നടന്നു എന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ അസത്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ നേതൃത്വപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റാണെന്നും, അത് പൊളിറ്റ് ബ്യൂറോയെ അറിയിച്ചപ്പോള്‍ ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ എല്ലാവരും ചേര്‍ന്ന് ഐകകണ്ഠേന അംഗീകരിക്കുകയാണുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക