വനിതാ ലീഗിലെ എല്ലാ ഭാരവാഹിത്വങ്ങളും രാജിവച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബീന റഷീദ്. കോഴിക്കോട്ട് വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു രാജിപ്രഖ്യാപനം. മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരേയും പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയ്‌ക്കെതിരേയും നൂര്‍ബിന റഷീദ് വിമര്‍ശനങ്ങളുന്നയിച്ചു. പദവിയില്‍ ഇല്ലെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്നും അവര്‍ പറഞ്ഞു.
|
പാണക്കാട് തങ്ങള്‍മാരുടെ കുടുംബത്തെ വരെ അധിക്ഷേപിക്കാന്‍ ഇടയാക്കിയ ഹരിത വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ഫാത്തിമ തഹലിയയ്ക്ക് സീറ്റ് നല്‍കരുത് എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. ഫാത്തിമ തഹലിയ ജമാഅത്തെ ഇസ് ലാമിയുടെ നോമിനി ആണോ എന്ന് സംസ്ഥാന നേതൃത്വത്തോട് ചോദിച്ചിരുന്നു. എന്നാല്‍ ഈ ചോദ്യം അവര്‍ ചിരിച്ചു തള്ളുകയായിരുന്നു.
എം കെ മുനീറിന് സ്ഥാനാര്‍ഥിത്വം നിഷേധിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ചില സംഘടിത ശ്രമങ്ങള്‍ ഉണ്ടായി. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് അറിയാം. വനിതാ സ്ഥാനാര്‍ഥികള്‍ കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ നേരത്തെ നിലപാടുകള്‍ എടുത്തിരുന്ന സമസ്ത നേതാക്കളുടെ ആദര്‍ശം എവിടെപ്പോയി. മുസ് ലിംലീഗിലെ വനിതകള്‍ ഇടയ്ക്കിടെ ഗള്‍ഫില്‍ പോകുന്നു. രാഷ്ട്രീയം ധനാഗമന മാര്‍ഗമായി തങ്ങള്‍ കണ്ടിട്ടില്ലെന്നും പണാധിപത്യം പാടില്ലെന്നും മുസ് ലിം ലീഗ് ഉള്‍പ്പെടെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാകണമെന്നും നൂര്‍ബിനാ റഷീദ് പറഞ്ഞു.
ഫോട്ടോഷൂട്ടിനു വേണ്ടിയുള്ള സമരങ്ങളും അറസ്റ്റും ആണോ നമുക്ക് ആവശ്യം? ഫോട്ടോ ഷൂട്ടിലൂടെയുള്ള സംസ്‌കാരം മാറ്റണം. പടപൊരുതി തന്നെയാണ് തങ്ങളും രംഗത്തുവന്നത്.
വനിതാ ലീഗിനും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നല്‍കേണ്ടിയിരുന്നു. തങ്ങള്‍ ഒന്നിലും ഭാഗമല്ല. തങ്ങളോട് ചോദിച്ചിട്ടുമില്ല. ബോധ്യപ്പെടുത്തിയിട്ടുമില്ല. 51 ശതമാനം സ്ത്രീകള്‍ മല്‍സരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പുകളില്‍ പോലും വനിതാ ലീഗിന് സാന്നിധ്യം ലഭിച്ചില്ലെന്നും അവര്‍ പരാതിപ്പെട്ടു.



