Bab el-Mandeb Strait തെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കിന് പിന്നാലെ തന്ത്രപ്രധാനമായ മറ്റൊരു ജലപാതയിലും ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ഇറാന്‍. ഇറാന്റെ അധികാര പരിധിയിലുള്ള ബാബ് അല്‍ മന്ദബ് കടലിടുക്ക് ഉടന്‍ അടയ്ക്കാനൊരുങ്ങുകയാണ് ഇറാന്‍. ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കറാണ് ബാബ് അല്‍ മന്ദബ് കടലിടുക്ക് ഇറാന്‍ ലക്ഷ്യമിടുന്നതായി അറിയിച്ചത്. സമൂഹമാധ്യമമായ എക്‌സിലാണ് ബാബ് അല്‍ മന്ദബ് കടലിടുക്ക് തടസ്സപ്പെട്ടാല്‍ ആരെയൊക്കെ ബാധിക്കും എന്ന പോസ്റ്റ് പങ്കുവച്ചത്.
|
ആഫ്രിക്കയ്ക്കും യെമനും ഇടയിലുള്ള കടലിടുക്കാണ് ബാബ് അല്‍ മന്ദബ്. ഹോര്‍മൂസ് കടലിടുക്ക് പോലെ വളരെ തന്ത്ര പ്രധാനമാണ് ഈ ജലപാതയും. ആഗോള എണ്ണവിതരണത്തിന്റെ 12 ശതമാനവും ബാബ് അല്‍ മന്ദബ് ജലപാതയെ ആശ്രയിച്ചാണ് നടക്കുന്നത്. കടലിടുക്കില്‍ ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ചെങ്കടലിലെ ചരക്ക് നീക്കത്തെയും കാര്യമായി ബാധിക്കും. ബാബ് അല്‍ മന്ദബില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണം ചെങ്കടലിലെ ചരക്കുനീക്കത്തെ ആശങ്കയിലാക്കിയിരുന്നു. ഇതിനിടയിലാണ് ഇപ്പോഴത്തെ ഇറാന്റെ പുതിയ നീക്കം.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ ഉപരോധം ലോകരാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ആഗോള എണ്ണ വിതരണം തടസ്സപ്പെട്ടതിനാല്‍ പല രാജ്യങ്ങളിലും ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാണ്.
ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നു പോകുന്ന നിര്‍ണായ ജലപാതയാണ് ഹോര്‍മൂസ് കടലിടുക്ക്. ഹോര്‍മൂസ് വിഷയത്തില്‍ അമേരിക്ക ഇതിനകം പല ഭീഷണികളും നടത്തിയിട്ടും ചര്‍ച്ചകള്‍ക്ക് തയ്യാറാല്ലെന്ന നിലപാടിലാണ് ഇറാന്‍. ഈ സാഹചര്യത്തിലാണ് ബാബ് അല്‍ മന്ദബ് കൂടി അടയ്ക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത്.
ഇതോടെ ആഗോള വിതരണം കൂടുതല്‍ പ്രതിസന്ധിയിലാവും. യുദ്ധം അവസാനിപ്പിക്കുന്നതിന് ലോക രാജ്യങ്ങള്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനും സ്വന്തം എണ്ണ വിതരണത്തിലൂടെ കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഇതുവഴി സാധിക്കും.




