കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി മൊണാലിസ കേരളത്തിലെത്തി യുപി സ്വദേശി ഫര്‍മാന്‍ ഖാനെ വിവാഹം കഴിച്ചതിനു പിന്നാലെയുണ്ടായ വിവാദത്തിനിടെ പെണ്‍കുട്ടിയെ തിരക്കി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തി. ഇതോടെ മൊണാലിസ സംരക്ഷണം തേടി കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചു. തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോവാന്‍ അനുവദിക്കരുതെന്നും കേരളത്തില്‍ തന്നെ ജീവിക്കാനാണ് തനിക്കു താല്‍പര്യമെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. തനിക്കു 18 വയസ്സ് പൂര്‍ത്തിയായതാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
|
വനിതാ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മധ്യപ്രദേശില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. ഫര്‍മാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നത് ഈ മാസം 20 വരെ കേരള ഹൈക്കോടതി തടഞ്ഞിട്ടുണ്ടെന്ന് കാര്യം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ മധ്യപ്രദേശ് പോലീസ് സംഘത്തെ അറിയിച്ചിട്ടുണ്ട്.
മൊണാലിസ ജനനസര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും സഹിതമാണ് തിരുവനന്തപുരത്തെത്തി ഫര്‍മാന്‍ ഖാനെ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്. ഇതിനു പിന്നാലെ മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും മൊണാലിസ മൈനര്‍ ആണെന്ന് കുടുംബം ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഫര്‍മാനെതിരേ മധ്യപ്രദേശ് പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയുമുണ്ടായി.
ALSO READ: പ്രതിപക്ഷം എതിര്‍ത്താല്‍ നേട്ടം തനിക്ക് ലഭിക്കും; വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രധാനമന്ത്രി





