05
May 2026
Tue
05 May 2026 Tue
TVK need few more numbers to form government

കന്നിപ്പോരില്‍ തന്നെ വന്‍ വിജയമാണ് നടന്‍ വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം സ്വന്തമാക്കിയത്. 234 അംഗ നിയമസഭയില്‍ 118 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെ ടിവികെ ജയിച്ചത് 107 സീറ്റുകളിലാണ്. ഇനി വേണ്ടത് 11 സീറ്റുകള്‍ മാത്രം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കും. ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ ടിവികെ നിര്‍ബന്ധിതമാവുകയും ചെയ്യും. ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്(5 സീറ്റുകള്‍), സിപിഐ, സിപിഐഎം, വിടുതലൈ ചിരുതഗൈ കക്ഷി(രണ്ടു സീറ്റുകള്‍ വീതം) എന്നീ പാര്‍ട്ടികളുടെ പിന്തുണ വിജയ് ഇക്കാര്യത്തില്‍ നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

എഐഎഡിഎംകെ സഖ്യത്തിലും പട്ടാളി മക്കള്‍ കക്ഷി(5 സീറ്റുകള്‍) പോലുള്ള ചെറുകക്ഷികളുണ്ടെങ്കിലും ബിജെപി സാന്നിധ്യമുള്ളതിനാല്‍ വിജയ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കില്ലെന്നാണ് സൂചന. ടിവികെയുടെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ എം കെ സ്റ്റാലിന്‍ പോലും കടപുഴകിയിരുന്നു. കൊളത്തൂര്‍ മണ്ഡലത്തില്‍ ജനവിധി തേടിയ സ്റ്റാലിനെ നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ ടിവികെയുടെ വി എസ് ബാബുവിനായി.

മെയ് ഏഴിന് ടിവികെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇതോടെ തമിഴ്‌നാടിന് സിനിമാ മേഖലയില്‍ നിന്നുള്ള മറ്റൊരു മുഖ്യമന്ത്രി കൂടി ലഭിക്കും.

ALSO READ: യുഎഇയില്‍ ഡ്രോണാക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്ക്