25
May 2026
Mon
25 May 2026 Mon
ALAPPUZHA POLICE ASSAULT CASE

ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. നേതാക്കളെ മര്‍ദിച്ച കേസില്‍ ഗുരുതര വകുപ്പുകള്‍ ചുമത്താനൊരുങ്ങി പോലീസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ വധശ്രമമുള്‍പ്പെടെ കടുത്ത വകുപ്പുകള്‍ ചുമത്തുന്നതിനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികളായവര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടായേക്കും. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ്. സന്ദീപ്, വാഹനത്തിന് അകമ്പടിപോയ പോലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കെതിരേയാണ് സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികളെടുക്കാന്‍ ആഭ്യന്തരവകുപ്പ് നീക്കം തുടങ്ങിയത്.

റിപോര്‍ട്ട് കോടതി ഇന്ന് സ്വീകരിക്കും

അഞ്ചുപേരെയും പ്രതികളാക്കി പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. തിങ്കളാഴ്ച കോടതി റിപ്പോര്‍ട്ട് സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവിക്ക് ഇടക്കാല റിപ്പോര്‍ട്ടും കൊടുത്തിരുന്നു.

ALSO READ: കാലവര്‍ഷം നാളെ എത്തും; വ്യാഴാഴ്ച്ച വരെ കേരളത്തില്‍ കനത്ത മഴ

വിശദമായ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസമെടുത്തേക്കാം. അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയയുടന്‍ രണ്ടുപേര്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വകുപ്പുതല നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തെ ഉന്നതോദ്യോഗസ്ഥരുടെ സമ്മര്‍ദം മൂലമാണ് കേസ് ഡയറി തിരുത്തി ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതെന്നാണു കണ്ടെത്തല്‍.

എ.ഡി.ജി.പി.ക്ക് എതിരേ നടപടി

മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ കേസ്ഡയറി മാറ്റിയെഴുതിപ്പിച്ചെന്ന് ആരോപണം നേരിടുന്ന ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ നടപടി വേണോയെന്നത് റിപ്പോര്‍ട്ട് പഠിച്ച ശേഷം ആഭ്യന്തരവകുപ്പ് തീരുമാനിക്കും.

മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താതെ, പരാതിക്കാര്‍ തെളിവു ഹാജരാക്കിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണം മാത്രമാണ് ചെയ്തതെന്നും എഴുതിച്ചേര്‍ത്തത് നിയമവിരുദ്ധമാണെന്നും ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണെന്നുമാണ് വിലയിരുത്തല്‍.

എഡിജിപി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. ഇത് ആരുടെ നിര്‍ദേശപ്രകാരമാണെന്നതും അന്വേഷണ പരിധിയില്‍ വരും.

Alappuzha Assault Case: Police Officers Face Attempt to Murder Charges