29
May 2026
Fri
29 May 2026 Fri
Siddaramaiah DK Shivakumar

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കുന്നതിന് മുമ്പ് തൊട്ടു മുമ്പ് സിദ്ധരാമയ്യ ഒപ്പുവച്ചത് നിര്‍ണായക റിപോര്‍ട്ടില്‍. രാഷ്ട്രീയമായി ഏറെ നിര്‍ണായകമായ ജാതി സെന്‍സസ് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് സിദ്ധരാമയ്യ പടിയിറങ്ങിയത്. അടുത്ത മുഖ്യമന്ത്രിയാകാന്‍ പോകുന്ന ഡി.കെ. ശിവകുമാറിനും കോണ്‍ഗ്രസ് നേതൃത്വത്തിനും വലിയൊരു വെല്ലുവിളിയാകും ഈ റിപോര്‍ട്ടിലുള്ള തുടര്‍ നടപടികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2025 നവംബര്‍ മുതല്‍ തീരുമാനമാകാതെ കെട്ടിക്കിടന്ന പിന്നാക്ക വിഭാഗ കമ്മീഷന്റെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സര്‍വ്വേ (ജാതി സെന്‍സസ്) റിപ്പോര്‍ട്ടാണ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് സിദ്ധരാമയ്യ അംഗീകരിച്ചത്. പിന്നാലെ വ്യാഴാഴ്ച അദ്ദേഹം തന്റെ രാജിക്കാര്യം മന്ത്രിമാരെ അറിയിക്കുകയും ചെയ്തു.

ലിംഗായത്ത്, വൊക്കലിഗ തുടങ്ങിയ പ്രബല വിഭാഗങ്ങളുടെ എതിര്‍പ്പ് ഭയന്ന് മുന്‍ സര്‍ക്കാരുകള്‍ ജാതി സെന്‍സസ് നടപ്പിലാക്കാന്‍ മടിച്ചിരുന്നു. ഇതേ കാരണംകൊണ്ടുതന്നെയാണ് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും മടിച്ചുനിന്നിരുന്നത്.

എന്നാല്‍ തനിക്ക് ശേഷം ഈ റിപോര്‍ട്ട് അംഗീകരിക്കപ്പെടാന്‍ സാധ്യതയല്ലെന്ന് ഉറപ്പുള്ളതിനാലാണ് സിദ്ധരാമയ്യ അവസാന നിമിഷം അറ്റകൈ പ്രയോഗം നടത്തിയത്. വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവായ ഡി.കെ. ശിവകുമാറിന്, ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ALSO READ: സിദ്ധരാമയ്യ രാജിവച്ചു; ഡി കെ ശവികുമാര്‍ അടുത്ത മുഖ്യമന്ത്രി

റിപ്പോര്‍ട്ട് പ്രകാരം പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യാ വിഹിതം ഉയരുന്നതിന് കാരണമാകും. അതേസമയം നിലവിലെ പ്രബല വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതിനും കാരണമാകും. നടപ്പിലാക്കിയാല്‍ വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളെ കോണ്‍ഗ്രസിന് പിണക്കേണ്ടി വരും. റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുകയും ചെയ്യും.

ദേശീയതലത്തില്‍ ജാതി സെന്‍സസിനായി ശക്തമായി വാദിക്കുന്ന രാഹുല്‍ ഗാന്ധിക്ക് കര്‍ണാടകയിലെ ഈ സാഹചര്യം ഒരു പരീക്ഷണമാകും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപി അത് വലിയ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യും.

പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും കരുത്തനായ നേതാവെന്ന തന്റെ പ്രതിച്ഛായ ഉറപ്പിച്ചാണ് സിദ്ധരാമയ്യ പടിയിറങ്ങുന്നത്. മുഖ്യമന്ത്രി കസേര വിട്ടൊഴിയുമ്പോഴും കര്‍ണാടക രാഷ്ട്രീയത്തിലെ തന്റെ സ്വാധീനവും താനുയര്‍ത്തുന്ന അഹിന്ദ രാഷ്ട്രീയവും അവഗണിക്കാനാകില്ലെന്ന സൂചനയാണ് സിദ്ധരാമയ്യ പരോക്ഷമായി മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം സിദ്ധരാമയ്യ രാജിവെക്കുന്നതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സമുദായമായ കുറുബ ഗൗഡ സമുദായത്തില്‍പ്പെട്ടവര്‍ റായ്ച്ചൂരില്‍ തെരുവിലിറങ്ങി. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിലപാടുകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്തു.

Siddaramaiah formally accepted the long-pending socio-economic and educational caste census report