21
Jun 2026
Sun
21 Jun 2026 Sun
ayodhya temple fund corruption

പ്രയാഗ്രാജ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലും വിലപിടിപ്പുള്ള വഴിപാടുകളിലും വന്‍തോതില്‍ ക്രമക്കേടും പണമിടപാടും നടന്നെന്ന ആരോപണത്തില്‍ അയോധ്യ രാമജന്മഭൂമി പോലീസ് സ്റ്റേഷനില്‍ മൂന്ന് പരാതികള്‍ ലഭിച്ചു. 1980-കളുടെ അവസാനത്തില്‍ രാമജന്മഭൂമി പ്രസ്ഥാനത്തില്‍ പങ്കാളിയായിരുന്ന മുന്‍ കര്‍സേവകന്‍ സന്തോഷ് ദുബെ ഉള്‍പ്പെടെയുള്ളവരാണ് പരാതി നല്‍കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഫണ്ട് വെട്ടിപ്പും അഴിമതിയും സംബന്ധിച്ച വിവാദം കഴിഞ്ഞ രണ്ടാഴ്ചയായി സജീവമാണ്. ജൂണ്‍ 16-നും 18-നും ഇടയിലാണ് പോലീസിന് പരാതികള്‍ ലഭിച്ചത്. ഇതില്‍ ഒരു പരാതിയില്‍ ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. ഭൂമി ഇടപാടുകളില്‍ അമിതവില കാണിച്ച് ട്രസ്റ്റിന്റെ പണം വകമാറ്റിയെന്നാണ് മറ്റ് രണ്ട് പരാതികളിലെ ആരോപണം. മുന്‍ അക്കൗണ്ടന്റ് നല്‍കിയ വിവരമനുസരിച്ച്, അദ്ദേഹത്തിന്റെ കാലയളവില്‍ എട്ട് മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ മനഃപൂര്‍വ്വം ഇല്ലാതാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്.

1992 ഡിസംബര്‍ 6-ന് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ. അദ്വാനിയോടൊപ്പം സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് 2020-ല്‍ കോടതി വെറുതെ വിടുകയും ചെയ്ത വ്യക്തിയാണ് സന്തോഷ് ദുബെ. ക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ബാബര്‍, മഹ്‌മൂദ് ഗസ്നി എന്നിവരോടാണ് ദുബെ ഉപമിക്കുന്നത്. അധിനിവേശക്കാര്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് കടന്നുകളഞ്ഞെങ്കില്‍, ഇവര്‍ ജനങ്ങളുടെ വിശ്വാസത്തെയും ക്ഷേത്രത്തിന്റെ ഖജനാവിനെയുമാണ് കൊള്ളയടിക്കുന്നതെന്ന് അദ്ദേഹം ‘ദി വയറിനോട്’ പറഞ്ഞു. രാമക്ഷേത്രം കള്ളന്മാരുടെ കൈകളില്‍ അകപ്പെട്ടതില്‍ തനിക്ക് കടുത്ത കുറ്റബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിലെ വഴിപാടുപെട്ടികളില്‍ നിന്ന് പ്രതിദിനം ഒരു കോടിയിലധികം രൂപയും സ്വര്‍ണ്ണ-വെള്ളി നാണയങ്ങളും ലഭിക്കുന്നുണ്ടെന്നും, സെക്രട്ടറി ചമ്പത് റായ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 200 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയെന്നും ദുബെയുടെ പരാതിയില്‍ പറയുന്നു.

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ജൂണ്‍ 7-ന് എക്സിലൂടെ (X) ഈ വിഷയം ഉന്നയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം ജൂണ്‍ 13 മുതല്‍ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം 150-ഓളം സംശയിക്കുന്നവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദുബെയെ കൂടാതെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശരദ് ശുക്ലയും, ആം ആദ്മി പാര്‍ട്ടി (AAP) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ട്രസ്റ്റിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പൊതുസമക്ഷം ലഭ്യമാക്കിയിട്ടില്ലെന്ന് ശരദ് ശുക്ല ആരോപിച്ചു. മുംബൈയില്‍ നിന്നുള്ള ഒരു വ്യവസായി നല്‍കിയ 3 കിലോഗ്രാം വെള്ളി മാലയ്ക്കും 1 കിലോഗ്രാം വെള്ളി പാദുകത്തിനും രസീതുകള്‍ നല്‍കിയിട്ടില്ലെന്ന് ദൈനിക് ഭാസ്‌കര്‍ നടത്തിയ അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്.

ഭൂമി ഇടപാടില്‍ കോടികളുടെ വെട്ടിപ്പ്

ഭൂമി ഇടപാടുകളിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിയും സഞ്ജയ് സിംഗ് തന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കോട്ട് രാമചന്ദ്ര ഗ്രാമത്തിലെ ഏകദേശം 3 കോടി രൂപ മതിപ്പുവിലയുള്ള നസൂല്‍ (സര്‍ക്കാര്‍) ഭൂമി, ചമ്പത് റായ് 23.61 കോടി രൂപയ്ക്കാണ് ട്രസ്റ്റിന്റെ പേരില്‍ വാങ്ങിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഇല്ലാത്ത വ്യക്തിയില്‍ നിന്നാണ് ഈ തുകയ്ക്ക് ഭൂമി വാങ്ങിയതെന്നും ഇതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. 2021-ലും സമാനമായ രീതിയില്‍ 2 കോടി വിലയുള്ള ഭൂമി മിനിറ്റുകള്‍ക്കകം 18.5 കോടിക്ക് ട്രസ്റ്റ് വാങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു.

രാമ ശിലകള്‍ അപ്രത്യക്ഷമായി

രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭകര്‍ നല്‍കിയ വെള്ളിയുടെയും സ്വര്‍ണത്തിന്റെയും ശിലകള്‍ അപ്രത്യക്ഷമായതായും ദുബെ പറയുന്നു. 2002നു ശേഷം ഇത്തരത്തിലുള്ള 1,250ഓളം ശിലകള്‍ കാണാതായി പലതും രത്‌നങ്ങള്‍ പതിച്ചതായിരുന്നു. ഈ കേസില്‍ ബുള്‍ഡോസര്‍ ബാബ(മുഖ്യമന്ത്രി യോഗി ആദിത്യനാഥ്) ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ദുബെ ചോദിച്ചു. രാമന്റെ പണമാണ് കട്ടുകൊണ്ടു പോവുന്നത്. മോദിയുടെ ഇഡിയെക്കുറിച്ചും സംശയങ്ങള്‍ ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല

വിവാദങ്ങള്‍ ശക്തമായി തുടരുമ്പോഴും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഇതുവരെ ഔദ്യോഗികമായി എഫ്‌ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്തിട്ടില്ല. ‘എസ്‌ഐടി അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും, 500 വര്‍ഷം കാത്തിരുന്ന രാമഭക്തര്‍ 15 ദിവസം കൂടി ക്ഷമിക്കണമെന്നും’ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അതേസമയം, ആരോപണങ്ങളില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്താന്‍ ശ്രീ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് തയ്യാറായിട്ടില്ല.

Former kar sevak filed complaint over alleged theft of Ram Temple funds