കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും കുറ്റം ആവര്‍ത്തിച്ച യുട്യൂബര്‍ രാജന് ജോസഫ് അറസ്റ്റില്‍. അടൂര്‍ പോലീസ് എറണാകുളത്ത് എത്തിയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. വ്യാഴം രാത്രിയിലാണ് രാജന് ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
|
രാജന് ജോസഫ് നിലവില്‍ അടൂര്‍ പോലീസ് സ്റ്റേഷനിലാണുള്ളത്. ജാമ്യം നേടി പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് ഇയാള്‍ ശ്രീനാദേവി കുഞ്ഞമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ ചെയ്തതെന്നാണ് ആരോപണം. സിബി എന്ന ഒരാള്‍ക്കെതിരേ കൂടി ശ്രീനാദേവി കുഞ്ഞമ്മ പരാതി നല്‍കിയിട്ടുണ്ട്.
മുന്‍ പരാതിയില്‍ ഇയാള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ഒളിവില്‍പ്പോയ രാജനെ തിരഞ്ഞ് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങുകയും ഫേസ്ബുക്കിലൂടെ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേ അവഹേളനപരമായ പോസ്റ്റ് ഇടുകയുമായിരുന്നു. ഈ പോസ്റ്റിന്റെ ചുവട്ടില്‍ ഒട്ടേറെ അവഹേളന കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.



