കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചതിന് പിന്നാലെ, ‘ഞാന്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ല’ എന്ന് പ്രഖ്യാപിച്ച് ബി.ജെ.പി എം.പി അപരാജിത സാരംഗിയുടെ മകള്‍ അര്‍ചിത സാരംഗി. ധര്‍മ്മേന്ദ്ര പ്രധാന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ (PA) ലക്ഷ്യമിട്ടായിരുന്നു അര്‍ചിതയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. പോസ്റ്റ് പിന്‍വലിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന സൂചന നല്‍കുന്നതായിരുന്നു ഇതോടൊപ്പം പങ്കുവെച്ച കുറിപ്പ്.
|
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെച്ചൊല്ലി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ശനിയാഴ്ച ഉച്ചയ്ക്കാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി സമര്‍പ്പിച്ചത്.
മന്ത്രിയുടെ രാജിവാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് അര്‍ചിത വാര്‍ത്തയുടെ പ്രധാന തലക്കെട്ട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി അവര്‍ മറ്റൊരു കുറിപ്പും പങ്കുവെച്ചു.
‘ഡി.പിയുടെ (ധര്‍മ്മേന്ദ്ര പ്രധാന്‍) പി.എയോടായി പറയുകയാണ്, മുന്‍പത്തെ സ്റ്റോറി ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് എന്റെ അമ്മയ്ക്ക് മെസ്സേജ് അയക്കാന്‍ ബുദ്ധിമുട്ടേണ്ടതില്ല (മുന്‍പും അങ്ങനെ സംഭവിച്ചിട്ടുണ്ട്) – ഞാന്‍ ഇത് ഡിലീറ്റ് ചെയ്യില്ല. ജയ് ജഗന്നാഥ്! ജയ് ഹിന്ദ്!’ അര്‍ചിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
അതേസമയം, ധര്‍മ്മേന്ദ്ര പ്രധാന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് അപരാജിത സാരംഗി എം.പി രംഗത്തെത്തി. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് മന്ത്രി രാജിവെച്ചതെന്നും അത് അദ്ദേഹത്തിന്റെ ധീരതയാണെന്നും അവര്‍ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ അര്‍ചിതയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിര്‍ജ്ജീവമാക്കപ്പെട്ട (Deactivated) നിലയിലാണ്.
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥയായ അപരാജിത സാരംഗി സര്‍വീസ് രാജിവെച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭുവനേശ്വറില്‍ നിന്ന് ബി.ജെ.ഡി സ്ഥാനാര്‍ത്ഥിയെ 35,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവര്‍ പാര്‍ലമെന്റിലെത്തിയത്.
കേന്ദ്ര സര്‍ക്കാരും കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയും (സി.ജെ.പി) തമ്മില്‍ നിശ്ചയിച്ചിരുന്ന മൂന്നാം ഘട്ട ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഒഡീഷയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവായ പ്രധാന്‍ രാജിവെച്ചത്.
‘രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷകളെയും വികാരങ്ങളെയും അവകാശങ്ങളെയും ഞാന്‍ ആഴത്തില്‍ മാനിക്കുന്നു. ഇന്ത്യയുടെ യുവതലമുറയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നത് ഞങ്ങളുടെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്റെ ധാര്‍മ്മിക നിശ്ചയദാര്‍ഢ്യമാണ്. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ രാജ്യത്തെ സേവിക്കാന്‍ എനിക്ക് നല്‍കിയ അവസരത്തിന് നന്ദി അറിയിക്കുന്നു,’ രാജി സമര്‍പ്പിച്ച ശേഷം എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പില്‍ പ്രധാന്‍ വ്യക്തമാക്കി.
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പുറമെ, മെയ് മാസത്തില്‍ പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച വൈകുന്നേരം കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തങ്ങളുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായി സി.ജെ.പി പ്രഖ്യാപിക്കുകയും സമരം പിന്‍വലിക്കുകയും ചെയ്തു.
Tags:
Dharmendra Pradhan resignation news, Archita Sarangi Instagram post, Aparajita Sarangi BJP MP daughter, Dharmendra Pradhan PA Instagram story, NEET paper leak Union Education Minister resigns, CJP protest Jantar Mantar
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



