25
Jul 2026
Sat
25 Jul 2026 Sat
Union Ministers J P Nadda and Jitendra Singh with CJP’s Saurav Das and Ashutosh Ranka

ന്യൂഡല്‍ഹി: പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമവും അതിവേഗ കോടതികളും സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിറ്റേന്ന്, കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 10 വര്‍ഷം വരെ തടവ്, 10 കോടി രൂപ വരെ പിഴ, അതിവേഗ കോടതികള്‍ക്ക് നിയമപരമായ സാധുത, കേസ് അന്വേഷണത്തിനും വിചാരണയ്ക്കുമായി അഞ്ച് മാസത്തെ സമയപരിധി എന്നിവ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച അര്‍ദ്ധരാത്രി പുറത്തുവിട്ട വീഡിയോയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കിയ പ്രധാനമന്ത്രി, അതിനു ലഭിച്ച പ്രതികരണങ്ങള്‍ക്കും നല്ല നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഇന്‍സ്റ്റാഗ്രാമില്‍ പുതിയൊരു സന്ദേശവും പങ്കുവെച്ചു.

‘നന്ദി സുഹൃത്തുക്കളെ. അര്‍ദ്ധരാത്രിയില്‍ നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. എന്റെ വീഡിയോയ്ക്ക് നിങ്ങള്‍ നല്‍കിയ പ്രതികരണങ്ങള്‍ക്കും മികച്ച നിര്‍ദ്ദേശങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സ്‌നേഹം തുടരുമെന്നും നമ്മുടെ ബന്ധം കൂടുതല്‍ ശക്തമാകുമെന്നും കരുതുന്നു. നന്ദി,’ പുതിയ വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ALSO READ: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് പാറ ഇളകിവീണ് 13 പേര്‍ മരിച്ചു

2024-ലെ പബ്ലിക് എക്‌സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ടില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദ്ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിലവിലെ നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം, ക്രമക്കേട് നടത്തുന്ന വ്യക്തികള്‍ക്ക് 3 മുതല്‍ 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. സെക്ഷന്‍ 11 പ്രകാരം സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവും കുറഞ്ഞത് 1 കോടി രൂപ പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്.

എന്നാല്‍, പുതിയ ഭേദഗതി വ്യക്തികള്‍ക്കാണോ അതോ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണോ ബാധകമാകുന്നത് എന്ന് വ്യക്തമാക്കാതെ തന്നെ, ശിക്ഷാകാലാവധി 10 വര്‍ഷം വരെ തടവും പിഴത്തുക 10 കോടി രൂപ വരെയുമായി വര്‍ദ്ധിപ്പിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ചോര്‍ച്ച കേസുകളില്‍ അഞ്ച് മാസത്തിനകം അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. അന്വേഷണത്തിനായി രണ്ട് മാസവും, വിചാരണയ്ക്ക് മൂന്ന് മാസവുമാണ് അനുവദിക്കുക. ഇതുവഴി പേപ്പര്‍ ചോര്‍ച്ച കേസുകള്‍ വേഗത്തില്‍ വിചാരണ ചെയ്ത് അഞ്ച് മാസത്തിനുള്ളില്‍ അന്തിമ തീര്‍പ്പിലെത്തിക്കും. കേസ് വിചാരണയ്ക്കായി രൂപീകരിക്കുന്ന അതിവേഗ കോടതികള്‍ക്ക് ബില്ലിലൂടെ നിയമപരമായ സാധുത ലഭിക്കും.

2024 ജൂണ്‍ 21-ന് നിലവില്‍ വന്ന നിയമം യു.പി.എസ്.സി, എസ്.എസ്.സി, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ഐ.ബി.പി.എസ്, നീറ്റ് പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന പൊതുപരീക്ഷകളിലെ ക്രമക്കേടുകളും പേപ്പര്‍ ചോര്‍ച്ചയും തടയുന്നതിനായുള്ളതായിരുന്നു.

പ്രധാനമന്ത്രി അറിയിച്ചതനുസരിച്ച്, ഭേദഗതി ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുള്ള ബോംബെ, കല്‍ക്കട്ട, ഡല്‍ഹി, മധ്യപ്രദേശ് ഹൈക്കോടതികളില്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

നീറ്റ്-യുജി (NEET-UG) പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും, വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങള്‍, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ടും വിദ്യാര്‍ത്ഥികളും കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയും (സി.ജെ.പി) ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഈ നിര്‍ണ്ണായക പ്രഖ്യാപനം.

Tags:
Exam paper leak law, NEET paper leak, Public Examinations Act amendment, PM Narendra Modi exam law, Fast track courts paper leak, 10 crore fine paper leak, Question paper leak punishment, NTA NEET news Malayalam, Exam paper leak Malayalam news,

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക