ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷ് കുമാറിന് അത് ഒരു അവധി ദിവസമായിരുന്നു. കൊട്ടാരക്കരയിലെ സ്വന്തം വീട്ടിലേക്ക് എത്തിയ സമയത്താണ് സ്റ്റേഷനില്‍ നിന്ന് ആ അടിയന്തര ഫോണ്‍ കോള്‍ വരുന്നത്: കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് പുസ്തകം വാങ്ങി വരാമെന്ന് പറഞ്ഞ് രാത്രി എട്ടരയോടെ വീട്ടില്‍ നിന്നിറങ്ങിയ 12 വയസ്സുകാരിയെ കാണാനില്ല!
|
ഒരു നിമിഷം പോലും ആലോചിക്കാന്‍ നിന്നില്ല. അവധി റദ്ദാക്കി,അദ്ദേഹം സ്വന്തം സ്റ്റേഷനിലേക്ക് പറന്നു. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലിഞ്ചു, സി.പി.ഒമാരായ ഷാരോണ്‍, അന്‍ഷാദ് എന്നിവരെ ഉള്‍പ്പെടുത്തി അദ്ദേഹം അടിയന്തരമായി ഒരു അന്വേഷണ സംഘം രൂപീകരിച്ചു.
തുടക്കത്തില്‍ പോലീസിന് മുന്നില്‍ തെളിവുകളായി ഉണ്ടായിരുന്നത് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങുന്ന ഒരു സിസിടിവി ദൃശ്യവും, ഒപ്പം കൊണ്ടുപോയ അമ്മയുടെ ഫോണും മാത്രമായിരുന്നു. ഫോണിന്റെ സിഗ്നല്‍ ആദ്യഘട്ടത്തില്‍ കാസര്‍കോട് ഭാഗത്താണ് കാണിച്ചതെങ്കിലും പിന്നീട് പെട്ടെന്ന് സ്വിച്ച് ഓഫ് ആയി.
12 വയസ്സുകാരി ഇത്രയും ദൂരം തനിച്ചു പോകാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ പോലീസ് പെണ്‍കുട്ടി ആരുടെയോ വലയില്‍ വീണതാകാമെന്ന നിഗമത്തിലെത്തി. സോഷ്യല്‍ മീഡിയയിലൂടെ വലവിരിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പോലീസ് അരിച്ചുപെറുക്കി.
ALSO READ: ബസ്സപകടത്തില്‍ ഗുരുതര പരിക്കേറ്റ 19കാരിക്ക് സങ്കീര്‍ണ്ണ ചികിത്സയിലൂടെ പുതുജീവന്‍
ഇന്‍സ്റ്റഗ്രാമിലെ നിര്‍ണായക സൂചന
തന്നേക്കാള്‍ വളരെ മുതിര്‍ന്ന ഒരാളുമായി പെണ്‍കുട്ടി നിരന്തരം ചാറ്റ് ചെയ്തിരന്നതായി പരിശോധനയില്‍ തെളിഞ്ഞു. ചെറായി ബീച്ചില്‍ ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന കൊല്ലം ഓച്ചിറ സ്വദേശി അഭിജിത്ത് (26) എന്നയാളാണ് അതെന്ന് പോലീസ് കണ്ടെത്തി.
ഇയാളുടെ മുതലാളിയായ ഗിരീഷിനെ കണ്ടെത്തി ചോദ്യം ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. ഗിരീഷ് ഇയാളുടെ ഇന്‍സ്റ്റാഗ്രാം ചിത്രം കാണിക്കുകയും, മുന്‍പത്തെ ദിവസം രാവിലെ അഭിജിത്ത് കുറച്ചുനേരം അവിടെനിന്ന് മാറിനിന്നിരുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഈ സമയം കുട്ടിയെ കാണാതായ സമയവുമായി കൃത്യമായി ഒത്തുപോവുകയായിരുന്നു.
കെണിയൊരുക്കി പോലീസ്
ഇനി കളിക്കളത്തിലേക്ക് ഇറങ്ങേണ്ടത് തന്ത്രപരമായിട്ടാണ്. പോലീസ് ഒരു കെണിയൊരുക്കി. പരിചയക്കാരന്റെ അക്കൗണ്ടില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു മെസ്സേജ് അയച്ചു. ‘എടാ നീ വീട്ടിലെത്തിയോ? എന്നെ തിരിച്ചു വിളിക്ക്’എന്നായിരുന്നു ആ സന്ദേശം. 10 മിനിറ്റിനകം അഭിജിത്ത് തിരിച്ചുവിളിച്ചു. ടവര്‍ ലൊക്കേഷന്‍ കാസര്‍കോട്!
എന്നാല്‍ ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് അഭിജിത്ത് പച്ചക്കള്ളം പറഞ്ഞു: ‘ഞാന്‍ കന്യാകുമാരിയിലാണ്…’
പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന ആ കള്ളത്തരം സതീഷ് കുമാറിന്റെ സംഘം നിമിഷനേരംകൊണ്ട് തിരിച്ചറിഞ്ഞു. മാറിയുടുക്കാന്‍ ഒരു ജോടി തുണി പോലും എടുക്കാന്‍ നില്‍ക്കാതെ, സ്വന്തം കാറില്‍ ആ പോലീസുകാര്‍ വടക്കന്‍ കേരളത്തിലേക്ക് പാഞ്ഞു.
കാസര്‍കോട് നിന്ന് ധാരാവിയിലേക്ക്
യാത്രയിലുടനീളം ഫോണ്‍ സ്വിച്ചോഫായിരുന്നെങ്കിലും കാസര്‍കോഡ് എത്തിയപ്പോഴേക്കും ലൊക്കേഷന്‍ മാറിമറിഞ്ഞു. ഗോവയും താണ്ടി ലൊക്കേഷന്‍ മുന്നോട്ട് നീങ്ങി. ഒടുവില്‍ അത് ചെന്നെത്തിയത് മുംബൈയിലെ പ്രശസ്തമായ ധാരാവിക്ക് നടുവിലാണ്.
ആയിരക്കണക്കിന് മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന, ശ്വാസംമുട്ടുന്ന ധാരാവിയുടെ ഇടുങ്ങിയ ഇടവഴികളില്‍ മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ അവര്‍ മണിക്കൂറുകളോളം അരിച്ചുപെറുക്കി. എന്നാല്‍, ആ ജനസാഗരത്തില്‍ നിന്ന് പ്രതിയും കുട്ടിയും തൊട്ടുമുമ്പ് മുങ്ങിയിരുന്നു. തളര്‍ച്ചയുടെയും നിരാശയുടെയും പടുകുഴിയിലേക്ക് ആ പോലീസ് സംഘം വീണുപോയ നിമിഷം.
നിസാമുദ്ദീന്‍ എക്‌സ്പ്രസ്സില്‍
പക്ഷേ, സമയം അവരെ കാത്തുനിന്നില്ല. അടുത്ത ദിവസം വെളുപ്പിന് ഫോണ്‍ സിഗ്‌നല്‍ ഷോളാപ്പൂരില്‍ മിന്നിമറഞ്ഞു. ഡല്‍ഹിയിലേക്കുള്ള നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലാണ് അവര്‍! ആലുവയില്‍ നിന്ന് ഇന്‍സ്പെക്ടര്‍ ഗംഗാപ്രസാദും സംഘവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ തത്സമയ വിവരങ്ങള്‍ വടക്കോട്ട് പായുന്ന ആ കാറിലെ പോലീസുകാര്‍ക്ക് നല്‍കിക്കൊണ്ടേയിരുന്നു.
ഇനി ഒരു നിമിഷം വൈകിയാല്‍ എല്ലാം കൈവിട്ടുപോകും. പൂനെ റെയില്‍വേ സ്റ്റേഷനിലേക്ക് കിലോമീറ്ററുകളോളം കാര്‍ വെടിയുണ്ട പോലെ പാഞ്ഞു. രണ്ട് പെണ്‍മക്കളുടെ അമ്മയായ ഡബ്ല്യു.സി.പി.ഒ ലിഞ്ചുവിന്റെ നെഞ്ച് ആ സമയത്ത് ആശങ്ക കൊണ്ട് പിടയുകയായിരുന്നു.
‘ഒരു അമ്മയെന്ന നിലയില്‍ എന്റെ മനസ്സ് ആകെ ടെന്‍ഷനില്‍ ആയിരുന്നു. 12 വയസ്സുള്ള ഒരു കുട്ടി അപരിചിതമായ സ്ഥലത്ത് ഏത് നിമിഷവും ചൂഷണത്തിനിരയാകാം. ഭക്ഷണം കഴിക്കാത്തതോ ക്ഷീണമോ ഞങ്ങളെ ബാധിച്ചില്ല, കുട്ടിയെ സുരക്ഷിതമായി കിട്ടണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍,’ ലിഞ്ചു പറഞ്ഞു.
പൂനെ സ്റ്റേഷനില്‍ എത്തിയ ഉടന്‍ ആര്‍.പി.എഫിന്റെ സഹായത്തോടെ അവര്‍ പ്ലാറ്റ്ഫോമില്‍ നിലയുറപ്പിച്ചു. നിസാമുദ്ദീന്‍ എക്‌സ്പ്രസ് പ്ലാറ്റ്ഫോമിലേക്ക് എത്തിയതും പോലീസുകാര്‍ മിന്നല്‍വേഗത്തില്‍ ജനറല്‍ കോച്ചുകളിലേക്ക് ഇരച്ചുകയറി. അപ്പര്‍ ബര്‍ത്തുകളില്‍ ഭയന്നുവിറച്ചിരുന്ന കുട്ടിയെയും അഭിജിത്തിനെയും ലിഞ്ചു കൃത്യമായി കണ്ടെത്തി.
പെട്ടെന്ന് പോലീസ് വന്ന് ഇവരെ പിടിച്ചപ്പോള്‍ ചുറ്റുമുള്ള യാത്രക്കാര്‍ക്ക് കാര്യം മനസ്സിലാവാതെ ബഹളമായി. തുടര്‍ന്ന് റെയില്‍വേ പോലീസ് ഇടപെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. പേടിച്ചുവിറച്ച പെണ്‍കുട്ടിയോട് ഒരു അമ്മയുടെ വാത്സല്യത്തോടെ ലിഞ്ചു പറഞ്ഞു:’മോളെ പേടിക്കേണ്ട, ഞങ്ങള്‍ നിന്റെ നാട്ടില്‍ നിന്നുള്ള പോലീസാണ്. നിന്നെ സുരക്ഷിതമായി വീട്ടില്‍ എത്തിക്കാനാണ് ഞങ്ങള്‍ വന്നത്.’
ആ കുരുന്നിനെ ലിഞ്ചു വാരിപ്പുണര്‍ന്നപ്പോള്‍, സ്റ്റേഷനിലെ തിക്കിലും തിരക്കിലും ആശ്വാസത്തിന്റെ ഒരു വലിയ പെരുമഴ പെയ്തിറങ്ങി.
ഒരു നിമിഷത്തെ വിശ്രമം പോലുമില്ലാതെ, 1400 കിലോമീറ്ററോളം കാറോടിച്ച് ആ സംഘം കുട്ടിയെ സുരക്ഷിതമായി കേരളത്തില്‍ എത്തിച്ചു. വിദഗ്ദ്ധ കൗണ്‍സിലിംഗിനും വൈദ്യപരിശോധനയ്ക്കും ശേഷം അവളെ മാതാപിതാക്കള്‍ക്കു കൈമാറി.
വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും കുട്ടിയെ തട്ടിക്കൊണ്ടുപോയ അഭിജിത്തിനെതിരെ പോക്‌സോ (POCSO) അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി. കോടതി അവനെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.
സ്വന്തം മകള്‍ നഷ്ടപ്പെട്ടെന്ന പോലെ, നാല് സംസ്ഥാനങ്ങള്‍ താണ്ടി ഒരു പെണ്‍കുട്ടിയുടെ ജീവിതം തിരികെപിടിച്ച ആലുവ വെസ്റ്റ് പോലീസിന്റെ ആ ഹൈവേ ചേസ് ഒരു സിനിമാക്കഥ പോലെ ത്രില്ലിങായിരുന്നു.
Kerala Police, Aluva Police, Instagram Crime, Cyber Crime Kerala, Child Rescue Kerala, Kerala Crime News, Police Investigation, Maharashtra Police, Pune Railway Station, Dharavi, Kasaragod, Kerala News, Breaking News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



