ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഹുസൈനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
|
കണ്ണൂരിലേക്ക് കടന്നു; തിരൂരിലേക്ക് മടങ്ങുന്നതിനിടെ പിടിയിൽ
കൊലപാതകത്തിന് ശേഷം കണ്ണൂരിലേക്ക് പോയ ഹുസൈൻ ഇന്ന് തിരൂരിലേക്ക് മടങ്ങുന്നതിനിടെ പൂക്കയിൽ വച്ച് പോലീസ് പിടിയിലായി. പ്രതി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിന് കുറുകെ ജീപ്പ് നിർത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കടൽത്തീരത്ത് മീൻ എടുക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്ന് വിളിച്ചിറക്കി
ബുധനാഴ്ച രാത്രി ഒരു മണിക്ക് ശേഷമാണ് ഹുസൈൻ ഫൗസിയയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കടൽത്തീരത്ത് മീൻ അടിഞ്ഞിട്ടുണ്ടെന്നും അത് എടുക്കാൻ പോകണമെന്നും പറഞ്ഞായിരുന്നു ഫൗസിയയെ കൂട്ടിക്കൊണ്ടുപോയത്.
എന്നാൽ വ്യാഴാഴ്ച രാത്രിയായിട്ടും ഇരുവരും വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ മക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
നങ്കൂരം വലിച്ചപ്പോൾ ചാക്ക്; അകത്ത് മൃതദേഹം
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടിക്ക് സമീപം ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്.
കടലിലേക്ക് പോകാനൊരുങ്ങിയ വള്ളത്തിലെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെയാണ് മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങിയത്. കയർ വലിച്ചെടുത്തപ്പോൾ അറ്റത്ത് ചാക്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു.പോലീസ് നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളിൽ ഫൗസിയയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
വീട്ടിൽ പതിവായി വഴക്ക്; മദ്യവും ലഹരിയും ഉപയോഗിച്ചിരുന്നതായി പോലീസ്
ഹുസൈൻ സ്ഥിരമായി മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്നയാളാണെന്നും വീട്ടിൽ പതിവായി വഴക്കുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടും ഫൗസിയയുമായി ഇയാൾ വഴക്കിട്ടിരുന്നു. ദേഷ്യത്തിൽ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് രാത്രിയിൽ ഫൗസിയയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്.
കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം
ഫൗസിയയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ പിൻഭാഗത്ത് മുറിവും കണ്ടെത്തിയിട്ടുണ്ട്. പുഴയിൽ താഴ്ത്തുന്നതിനിടെ നങ്കൂരം തട്ടിയുണ്ടായ മുറിവാകാമെന്നാണ് പോലീസ് കരുതുന്നത്.
സമീപത്തെ വീടുകളിൽ ജോലിക്ക് പോയായിരുന്നു ഫൗസിയ കുടുംബം പുലർത്തിയിരുന്നത്. ഷബീബ്, ബിൻസി എന്നിവരാണ് മക്കൾ.
ALSO READ: ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





