21
Aug 2026
Fri
21 Aug 2026 Fri
CM Vijay offers free cars and 75000 for every MLA s then DMK rejects the offer

തമിഴ്‌നാട്ടിലെ 234 എംഎൽഎമാർക്കും സൗജന്യമായി ഔദ്യോഗിക കാറുകൾ നൽകുമെന്ന മുഖ്യമന്ത്രി ജോസഫ് വിജയ് യുടെ പ്രഖ്യാപനത്തെച്ചൊല്ലി തമിഴ്‌നാട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമാകുന്നു. സംസ്ഥാനത്തെ കടുത്ത കടബാധ്യത ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ ഡിഎംകെ ഈ ആനുകൂല്യം പൂർണമായും നിരസിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാർട്ടിയുടെ 59 എംഎൽഎമാരും സർക്കാരിന്റെ ഈ സൗജന്യ കാർ ഓഫർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വെള്ളിയാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചു. അധികാരത്തിൽ വന്നത് മുതൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിക്കുന്ന ടിവികെ (TVK) സർക്കാർ, എംഎൽഎമാർക്ക് സൗജന്യ കാറുകൾ നൽകാൻ തീരുമാനിച്ചത് വൈരുധ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“സൗജന്യ പദ്ധതികൾക്ക് എതിരാണെന്ന് പറയുകയും സംസ്ഥാനം കടക്കെണിയിലാണെന്ന് ആവർത്തിക്കുകയും ചെയ്യുന്ന ടിവികെ സർക്കാരിന്റെ കടഭാരം കുറയ്ക്കാനാണ് ഞങ്ങൾ ഈ ഓഫർ വേണ്ടെന്നുവയ്ക്കുന്നത്. എംഎൽഎമാരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച്, സ്വന്തമായി കാറില്ലാത്തവർക്കും നിർധനരായവർക്കും മാത്രം കാറുകൾ നൽകാൻ സർക്കാർ തയ്യാറാകണം,” ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു.

എന്നാൽ, മുഴുവൻ എംഎൽഎമാരെയും ഒരുപോലെ കാണുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് മന്ത്രി ആധവ് അർജുന തിരിച്ചടിച്ചു. വിസികെ (VCK), കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറിയ കക്ഷികളിലെ പല ജനപ്രതിനിധികളുടെയും സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നും, മണ്ഡലങ്ങളിൽ സഞ്ചരിക്കാൻ കാർ ഒരു ആഡംബരമല്ല, മറിച്ച് അടിസ്ഥാന ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. സ്വന്തമായി കാറുള്ളവർക്ക് ഇത് അപേക്ഷിക്കേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സൗജന്യ കാർ വേണ്ടെന്ന് വയ്ക്കുന്ന പ്രതിപക്ഷ നേതാവിന് മൂന്ന് ബംഗ്ലാവുകൾ സ്വന്തമായിരിക്കെ എന്തിനാണ് സർക്കാർ വസതി ഉപയോഗിക്കുന്നത് എന്നും മന്ത്രി സഭയിൽ ചോദിച്ചു.

ജനപ്രതിനിധികൾക്ക് തങ്ങളുടെ മണ്ഡലങ്ങളിൽ തടസ്സമില്ലാതെ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് വാഹനം അനുവദിക്കുന്നതെന്നും, ഇത് അഴിമതിരഹിത ഭരണത്തിന് സഹായിക്കുമെന്നുമാണ് ബുധനാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് സഭയിൽ പറഞ്ഞത്. കൂടാതെ, ഡ്രൈവർ, ഇന്ധനം, വാഹന പരിപാലനം എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപ വീതം എംഎൽഎമാർക്ക് നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക