20
Aug 2026
Thu
20 Aug 2026 Thu

ഡോ. ഇസ്മായിൽ വെങ്ങശ്ശേരി എഴുതുന്നു
അലക്കി തേച്ച കുപ്പായമിട്ട് ‘ചോട്ടാ നേതാവ്’ ചമഞ്ഞ് ഞെളിഞ്ഞുനടക്കാൻ ചിലരെങ്കിലും വരുമാനം കണ്ടെത്തുന്നത് ഇത്തരം ക്രിമിനൽ കൂട്ടുകച്ചവടങ്ങളിലൂടെയാണെന്നതിന്, നാം വീണ്ടും വീണ്ടും കേൾക്കുന്ന വാർത്തകൾക്കപ്പുറം ഇനിയും എത്ര തെളിവുകൾ വേണമെന്നത് ചിന്തിക്കേണ്ട കാര്യമാണ്. എത്ര നീചമായ വഴികളിലൂടെയും പണം സമ്പാദിക്കാനുള്ള അവസരങ്ങൾ മുതലെടുത്ത് സമൂഹത്തിൽ വിലസുന്ന ഇത്തരം വ്യക്തികളെ തിരിച്ചറിയുകയും, അവർക്കെതിരെയുള്ള നിയമലംഘനങ്ങൾ സംബന്ധിച്ച തെളിവുകൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ മക്കളെയും സമൂഹത്തെയും മൊത്തത്തിൽ കാർന്നുതിന്നുന്ന മാരകമായ ഒരു കാൻസറാണ് മയക്കുമരുന്ന് മാഫിയയും അതിനെ സഹായിക്കുന്ന ക്രിമിനൽ ശൃംഖലകളും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തരം പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരുന്നതിന് ഇനിയും നാം മുഖ്യധാരാ മാധ്യമങ്ങളെ മാത്രം ആശ്രയിച്ചിരിക്കേണ്ടതില്ല. കാരണം, ചില സന്ദർഭങ്ങളിൽ മാധ്യമ പ്രവർത്തകരിൽ ചിലർക്കെങ്കിലും ഇത്തരം നീചമായ താൽപര്യങ്ങളുള്ള സംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്ന വരവാണ് എന്ന് വിമർശനം ഉയരാറുണ്ട്. അതിനാൽ, ലഭ്യമായ വസ്തുതകളും രേഖകളും ഉത്തരവാദിത്തത്തോടെ പൊതുസമൂഹത്തിനു മുന്നിലെത്തിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
മയക്കുമരുന്ന്, കള്ളക്കടത്ത്, കുഴൽപ്പണം, കള്ളനോട്ട്, സ്വർണക്കടത്ത്, മണിചെയിൻ തട്ടിപ്പ്, അവിശോദ്ധമായ കൂട്ടി കൊടുപ്പ് ദല്ലാൾ പണി തുടങ്ങി നിയമവിരുദ്ധമായ വിവിധ ഇടപാടുകളിലൂടെ എളുപ്പത്തിൽ പണം സമ്പാദിക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം, പലപ്പോഴും രാഷ്ട്രീയ നേതാക്കളുടെയും സ്വാധീനമുള്ള വ്യക്തികളുടെയും ചുറ്റുപറ്റി പ്രവർത്തിക്കുന്നതായി വാർത്തകൾ പുറത്തുവരാറുണ്ട്.

എല്ലാ രാഷ്ട്രീയ ചോട്ടാ നേതാക്കളെയും ഇതിന്റെ പേരിൽ സംശയിക്കേണ്ടതില്ല. എന്നാൽ, ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ചില രാഷ്ട്രീയ പ്രവർത്തകർക്ക് അടുത്ത ബന്ധമുണ്ടെങ്കിൽ, അതിനെ രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. കുറ്റകൃത്യങ്ങൾ കണ്ടിട്ടും കണ്ണടയ്ക്കുന്ന സമീപനം ആരിൽ നിന്നുണ്ടായാലും അത് ചോദ്യം ചെയ്യപ്പെടണം.

അധ്വാനത്തിലൂടെയല്ലാതെ, വഞ്ചനയിലൂടെയും തട്ടിപ്പിലൂടെയും നിയമവിരുദ്ധ ഇടപാടുകളിലൂടെയും സമ്പാദിച്ച പണംകൊണ്ട് ജീവിതം ആഘോഷമാക്കുകയും സമൂഹത്തിൽ സ്വാധീനം നേടുകയും ചെയ്യുന്ന പ്രവണത അപകടകരമാണ്. താൽക്കാലികമായി ഇത്തരം ആളുകൾ സമൂഹത്തിൽ തിളങ്ങി നിന്നേക്കാം. എന്നാൽ ചരിത്രം തെളിയിക്കുന്നത് അധാർമികമായ വഴികളിലൂടെ വളർന്ന ശക്തികൾക്ക് ആ തിളക്കം ശാശ്വതമല്ലെന്നതാണ്.

ഇത്തരം വ്യക്തികൾ ഏത് രാഷ്ട്രീയ പാർട്ടിയിലായാലും, ഏത് സാമൂഹിക വിഭാഗത്തിന്റെ വക്താക്കളായാലും, അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്തുകൊണ്ടുവരണം. കുറ്റം തെളിയിക്കപ്പെടുന്നവർക്ക് നിയമാനുസൃതമായ പരമാവധി ശിക്ഷ ഉറപ്പാക്കുകയും, കുറ്റകൃത്യങ്ങൾക്ക് രാഷ്ട്രീയമോ സാമൂഹികമോ ആയ സംരക്ഷണം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും വേണം.
ഇത് ഏതെങ്കിലും ഒരു പാർട്ടിക്കെതിരായ ആരോപണമല്ല; മറിച്ച്, നമ്മുടെ സമൂഹത്തെയും അടുത്ത തലമുറയെയും സംരക്ഷിക്കാനുള്ള ഒരു സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്.
ചിന്തിക്കുക. വസ്തുതകൾ പരിശോധിക്കുക. തെളിവുകൾ പുറത്തുകൊണ്ടുവരിക. നിയമത്തിന്റെ വഴിയിൽ പ്രവർത്തിക്കുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക