വിദ്യാർഥികൾക്ക് നേരെ നടന്ന പെല്ലറ്റ് ആക്രമണത്തിൽ ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അഞ്ചു മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് നടപടി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡിസിപിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തീരുമാനിച്ചത്.
|
അക്രമത്തിന് ഇരയായ വിദ്യാർഥി സാഹിൽ ലോച്ചാബിനെ പോലീസ് സ്റ്റേഷന് അകത്തേക്ക് വിളിച്ചുവരുത്തി സംസാരിച്ചു. തുടർന്ന് സാഹിൽ നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന അപരിചിതരായ വ്യക്തികൾക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു.
നേരത്തെ പരാതി നൽകാൻ ശ്രമിച്ചെങ്കിലും എഫ്ഐആർ ഇടാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്നാണ് സാഹിലിനും കുടുംബത്തിനുമൊപ്പം രാഹുൽ ഗാന്ധി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. കേസെടുക്കാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, സാഹിലിന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്ത പെല്ലറ്റുകളും മെഡിക്കൽ രേഖകളും മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. റാം മനോഹർ ലോഹ്യ ആശുപത്രിയിലടക്കം ചികിത്സയിൽ കഴിഞ്ഞ സാഹിലിന്റെ ഒരു കണ്ണിന്റെ കാഴ്ചശക്തി പെല്ലറ്റ് ആക്രമണത്തിൽ അപകടനിലയിലാണ്.
ആഭ്യന്തരമന്ത്രി അമിത് ഷാ എന്തിനാണ് വിഷയത്തിൽ ഭയപ്പെടുന്നതെന്നും, ആ ഭയം കുറ്റസമ്മതമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് അമിത ബലപ്രയോഗവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





