26
Aug 2026
Wed
26 Aug 2026 Wed
FIRE FORCE BJP WASHING CAR

ഭോപ്പാല്‍: ബി.ജെ.പി എം.എല്‍.എയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ കാര്‍ ഫയര്‍ഫോഴ്സ് വാഹനം ഉപയോഗിച്ച് കഴുകുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ മധ്യപ്രദേശില്‍ വന്‍ രാഷ്ട്രീയ വിവാദം. സിംഗ്രോളി മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ റാം നിവാസ് ഷായുടെ ടൊയോട്ട ഇന്നോവ കാറാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഫയര്‍ എഞ്ചിനിലെ വെള്ളം ഉപയോഗിച്ച് കഴുകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാവിലെയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഫയര്‍ എഞ്ചിനില്‍ നിന്നുള്ള ഹോസ് പൈപ്പ് ഉപയോഗിച്ച് മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് എം.എല്‍.എയുടെ കാര്‍ കഴുകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അടിയന്തര സേവനങ്ങള്‍ക്കായി ഉപയോഗിക്കേണ്ട ഫയര്‍ഫോഴ്സ് വാഹനം എം.എല്‍.എയുടെ വ്യക്തിപരമായ ആവശ്യത്തിന് ദുരുപയോഗം ചെയ്തതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി.

ALSO READ: പയ്യന്നൂരില്‍ വിദ്യാര്‍ഥികളെ കാറിടിച്ചിട്ട് നിര്‍ത്താതെ പോയി; ഒരാള്‍ മരിച്ചു

സാധാരണക്കാരുടെ വീടുകളില്‍ തീയണയ്ക്കാന്‍ സമയത്ത് എത്താത്ത ഫയര്‍ഫോഴ്സ് വാഹനമാണ് ബി.ജെ.പി എം.എല്‍.എ സ്വന്തം വാഹനം കഴുകാനുള്ള കേന്ദ്രമാക്കി മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് ഉമാംഗ് സിംഗാര്‍ ആരോപിച്ചു. സംഭവം വലിയ വിവാദമായതോടെ പ്രതികരണവുമായി എം.എല്‍.എ റാം നിവാസ് ഷാ രംഗത്തെത്തി. ‘ഒരു എം.എല്‍.എ സ്വന്തമായി കാര്‍ കഴുകുമോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നുവെന്നും എം.എല്‍.എ വ്യക്തമാക്കി. കാറുമായി വേഗം വരാന്‍ ഡ്രൈവറോട് ആവശ്യപ്പെടുക മാത്രമാണ് താന്‍ ചെയ്തതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്‍ ജീവനക്കാരുടെ വസതികളില്‍ വെള്ളം എത്തിക്കാനായി വന്ന വാഹനമായിരിക്കാം അതെന്നും എം.എല്‍.എ ന്യായീകരിച്ചു.

അതേസമയം, സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് സിംഗ്രോളി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ സവിതാ പ്രധാന്‍ പ്രതികരിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക