30
Aug 2026
Sun
30 Aug 2026 Sun
Tamil Nadu Express Murder Case

ചെന്നൈ: ആഗ്രയില്‍ തമിഴ്നാട് എക്‌സ്പ്രസ്സിലെ ചുവന്ന ട്രോളി സ്യൂട്ട്‌കേസില്‍ മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ അസം സ്വദേശി മണിക്കുദ്ദീന്‍ ലസ്‌കര്‍ ഭാര്യ ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവര്‍ അറസ്റ്റില്‍. ശനിയാഴ്ച ഗുഡുവഞ്ചേരി പോലീസ് മണിപ്പൂരിലെ ജിരിബാമില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 25 ദിവസത്തിലേറെയായി ഇരുവരും ഒളിവിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏഴ് പതിറ്റാണ്ട് മുന്‍പ് ചെന്നൈയില്‍ നടന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച അലവന്ദാര്‍ കൊലപാതക കേസിന് സമാനമാണ് ഈ സംഭവവും. തലയില്ലാത്ത മൃതദേഹം, ട്രെയിന്‍, ദമ്പതികളുടെ പങ്കാളിത്തം എന്നിവയാണ് ഇരു കേസുകളെയും സമാനമാക്കുന്നത്. 1952-ല്‍ നടന്ന അലവന്ദാര്‍ കേസില്‍ ഇരയുടെ തല റോയപുരം കടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ പിന്നീട് കണ്ടെത്തിയിരുന്നു. എന്നാല്‍ നിലവിലെ കേസില്‍ കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നയാളുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഓഗസ്റ്റ് 5-നാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. ചെന്നൈ-ന്യൂഡല്‍ഹി തമിഴ്നാട് എക്‌സ്പ്രസ്സിലെ അണ്‍റിസര്‍വ്ഡ് കോച്ചില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയില്‍ ചുവന്ന സ്യൂട്ട്‌കേസിനുള്ളില്‍ ജീര്‍ണ്ണിച്ച ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി

മൃതദേഹം പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവറുകളില്‍ ചെന്നൈയിലെ പ്രമുഖ റീട്ടെയില്‍ സ്റ്റോറിന്റെ പേര് അച്ചടിച്ചിരുന്നത് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി. തുടര്‍ന്ന് ഉത്തര്‍പ്രദേശ്, തമിഴ്നാട് പോലീസു സംഘം 350ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്യൂട്ട്‌കേസ് ചെന്നൈയില്‍ നിന്നാണ് കൊണ്ടുവന്നതെന്ന് കണ്ടെത്തി.

ഓഗസ്റ്റ് 3-ന് കണ്ണട ധരിച്ച ഒരു യുവതിയും താടിയുള്ള ഒരു യുവാവും ചേര്‍ന്ന് ചുവന്ന സ്യൂട്ട്‌കേസുമായി ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. ഇവര്‍ സ്യൂട്ട്‌കേസ് തമിഴ്നാട് എക്‌സ്പ്രസ്സിന്റെ അണ്‍റിസര്‍വ്ഡ് കോച്ചില്‍ ഉപേക്ഷിച്ച ശേഷം ഒരു റസ്റ്റോറന്റിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പാര്‍ക്ക് സ്റ്റേഷനില്‍ നിന്ന് താംബരം ഭാഗത്തേക്കുള്ള സബര്‍ബന്‍ ട്രെയിനില്‍ ഇവര്‍ കയറിപ്പോയി.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഒടുവില്‍ ഗുഡുവഞ്ചേരിയിലെത്തി. പ്രതികളായ ദമ്പതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് പ്രദേശ വാസിയായ ഒരു സ്ത്രീ തിരിച്ചറിഞ്ഞ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വാടകവീട്ടില്‍ നിന്നു ശരീരഭാഗങ്ങള്‍ കണ്ടെത്തി

പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളില്‍ നിന്ന് കൂടുതല്‍ മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വലിയ പാത്രത്തിനുള്ളില്‍ പാക്ക് ചെയ്ത നിലയിലായിരുന്നു ശരീരഭാഗങ്ങള്‍. ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ സ്വദേശിയും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരിയുമായ ഹയാത്തുന്‍ നിഷയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ സംശയം.

ഭര്‍ത്താവിനോടും കുടുംബത്തോടും അകന്നു കഴിഞ്ഞിരുന്ന ഹയാതുന്‍ നിഷ ഗുഡുവാഞ്ചേരിയില്‍ മാണിക് ഉദീന്റെയും ഭഗവതി മാജിയുടെയും ഒപ്പമായിരുന്നു താമസം. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു നിഷ.

ഹയാതുന്‍ നിഷയും മാണിക് ഉദീന്‍ ലാസ്‌കറും തമ്മിലുള്ള വഴിവിട്ട ബന്ധം ഭഗവതി മാജി കണ്ടുപിടിക്കുകയും ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി നല്‍കിയ മൊഴിയെന്നാണ് വിവരം. മരണകാരണവും കൊലപാതകത്തിന് പിന്നിലെ ലക്ഷ്യവും പോലീസ് അന്വേഷിച്ചു വരികയാണ്. ലസ്‌കറുമായി ഹയാത്തുന്നിഷ പ്രണയത്തിലായിരുന്നുവെന്നും, ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചതാണ് തര്‍ക്കത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതില്‍ വ്യക്തത വരാനുണ്ട്.

ALSO READ:സ്ത്രീകളെ ബലാല്‍സംഗം ചെയ്ത ശേഷം സയനൈഡ് നല്‍കി കൊല; സീരിയല്‍ കില്ലര്‍ മോഹന് ആശ്വാസം; ശാന്ത വധക്കേസില്‍ വെറുതെവിട്ടു

ഹയാതുന്‍ നിഷയെ കാണാനില്ലെന്ന് കാണിച്ച് മകന്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

മണിപ്പൂരിലെ പ്രാദേശിക മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് വാറന്റ് വാങ്ങി പ്രതികളെ ചെന്നൈയിലെത്തിക്കും.

ഓര്‍മ്മയായി അലവന്ദാര്‍ കൊലപാതകം

നിലവിലെ അന്വേഷണം 1952-ലെ പ്രശസ്തമായ അലവന്ദാര്‍ കൊലപാതക കേസിനെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. അന്ന് ബോട്ട് മെയില്‍ എന്നറിയപ്പെട്ടിരുന്ന ഇന്‍ഡോ-സിലോണ്‍ എക്‌സ്പ്രസ്സിലെ ഉടമസ്ഥനില്ലാത്ത സ്റ്റീല്‍ ട്രങ്കില്‍ നിന്നാണ് തലയില്ലാത്ത പുരുഷ മൃതദേഹം കണ്ടെത്തിയത്.

പിന്നീട് റോയപുരം കടലില്‍ നിന്ന് തല കണ്ടെത്തിയതോടെയാണ് കൊല്ലപ്പെട്ടത് വ്യവസായിയും മുന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി സേനാംഗവുമായ അലവന്ദാറാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ദേവകി മേനോന്‍, ഭര്‍ത്താവ് പ്രഭാകര മേനോന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തലയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു

ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു തലയില്ലാത്ത മൃതദേഹവും ട്രെയിനും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുമ്പോഴും പ്രധാനപ്പെട്ട ഒരു ചോദ്യം ബാക്കിയാവുന്നു; ഹയാത്തുന്‍ നിഷയുടെ തല എവിടെ?

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക