തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 12.800 കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായി. വിപണിയിൽ ഏകദേശം 10 കോടി രൂപയിലധികം വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് മലപ്പുറം ജില്ലാ പോലീസ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.
|
മലപ്പുറം മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് 100 ഗ്രാമോളം എംഡിഎംഎയുമായി ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന വൻ ലഹരിക്കടത്ത് സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
തുടർന്നുള്ള അന്വേഷണത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ എംഡിഎംഎ സംഭരിച്ച് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ആഡംബര വാഹനങ്ങളിൽ രഹസ്യ അറകൾ നിർമ്മിച്ച് ലഹരിമരുന്ന് കടത്തുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്നും കണ്ടെത്തി.
സംഘത്തിന്റെ പ്രധാന ഇടത്താവളങ്ങൾ കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ മേഖലകളിലാണെന്നും തിരക്കേറിയ ടൗണുകൾ കേന്ദ്രീകരിച്ചാണ് ലഹരിയിടപാടുകൾ നടക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കോയമ്പത്തൂരിൽ നിന്ന് പ്രതികളെ പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തതോടെയാണ് കാറിൽ ഒളിപ്പിച്ചിരുന്ന വൻ ലഹരിശേഖരം പോലീസ് കണ്ടെത്തിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി 100 ഗ്രാം മുതൽ 500 ഗ്രാം വരെ തൂക്കമുള്ള പാക്കറ്റുകളാക്കി, ഇന്നോവ കാറിന്റെ ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.
ALSO READ: വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



