കൊച്ചി: കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരെ ഉപദേശിക്കാന്‍ വരുന്ന സിപിഎം നേതാക്കള്‍ ആദ്യം സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കട്ടയെന്ന് എസ്വൈഎസ് നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം. ഇസ്ലാമിലെ ആചാരാനുഷ്ഠാനങ്ങള്‍ തീരുമാനിക്കേണ്ടത് മുസ്ലിം മത പണ്ഡിതന്മാരാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
|
ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാര്‍ട്ടിയിലും ഭരണത്തിലും അതിനു വേണ്ടി അധ്വാനിക്കുന്ന സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്. പതിനായിരക്കണക്കിന് വനിതകള്‍ക്ക് അറിവും കനിവും നല്‍കുന്ന സ്ത്രീ സമുദ്ധാരകനാണ് കാന്തപുരം ഉസ്താദ്. ഈ പ്രസ്താവനാ യുദ്ധം നടത്തുന്നവര്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് സ്വയം പരിശോധിക്കുന്നത് നന്നാവുമെന്നും റഹ്‌മത്തുള്ള സഖാഫി ചൂണ്ടിക്കാട്ടി.
മുസ്ലിം സ്ത്രീകള്‍ മതാഘോഷങ്ങളുടെ പേരില്‍ തെരുവില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് ഒഴിവാക്കണമെന്ന് സമുദായത്തിലെ സ്ത്രീകളോടാണ് സമസ്ത ഓര്‍മിപ്പിച്ചത്. ഇത് സ്ത്രീകളുടെ പവിത്രത കാത്തു സൂക്ഷിക്കാനും അവരോടുള്ള കരുതലിന്റെയും ഭാഗമായി വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. അതില്‍ അനാവശ്യമായി ആരും ഇടപെടേണ്ടതില്ല. ഇത് പറയാനും താല്‍പര്യമുള്ളവര്‍ക്ക് അനുസരിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവന. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.
എന്നാല്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി യുക്തിവാദികളും സിപിഐഎം നേതാക്കളും രംഗത്തു വന്നു. കൂടാതെ ഡിവൈഎഫ്ഐ, എസ്എഫ്ഐ അടക്കമുള്ള യുവജന വിദ്യാര്‍ത്ഥി സംഘടനകളും വിമര്‍ശനമുയര്‍ത്തി. എന്നാല്‍ കാന്തപുരത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് സമസ്ത എപി വിഭാഗത്തോടൊപ്പം ഇകെ വിഭാഗവും സ്വീകരിച്ചത്.
Tags: Kanthapuram A P Aboobacker Musliyar, Rahmathulla Sakhafi Elamaram, SYS, Samastha AP Faction, CPM Kerala, Women in Islam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




