2027ലെ ഹജ്ജ് തീര്‍ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നതിനുള്ള വിമാനക്കമ്പനികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനവും, കണ്ണൂരില്‍ നിന്ന് ഫ്ളൈ അദീല്‍ വിമാനവുമാണ് സര്‍വിസ് നടത്തുക.
|
Key Highlights
- ടെൻഡർ പൂർത്തിയായി: 2027 ഹജ്ജ് തീർഥാടനത്തിന് എയർ ഇന്ത്യ എക്സ്പ്രസ് (കരിപ്പൂർ, കൊച്ചി), ഫ്ലൈ അദീൽ (കണ്ണൂർ) വിമാന സർവീസുകൾ നടത്തും.
- ടിക്കറ്റ് നിരക്കുകൾ: കൊച്ചി – ₹88,350 | കരിപ്പൂർ – ₹95,950 | കണ്ണൂർ – ₹92,055.
- കരിപ്പൂരിൽ ആശ്വാസം: മുൻവർഷങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്നുള്ള യാത്രാനിരക്കിൽ കാര്യമായ കുറവ് രേഖപ്പെടുത്തി.
- വികസനം: റൺവേ റെസ നിർമാണം പൂർത്തിയാകുന്നതോടെ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് സർവീസ് അനുമതി ലഭിക്കും.
കൊച്ചിയില്‍ നിന്ന് 88,350 രൂപയും കരിപ്പൂരില്‍ നിന്ന് 95,950 രൂപയുമാണ് എയര്‍ഇന്ത്യ ടിക്കറ്റ് നിരക്ക് ഈടാക്കുക. കണ്ണൂരില്‍ നിന്ന് ഫ്ളൈ അദീല്‍ 92,055 രൂപയും. കൊച്ചിയേക്കാള്‍ 7,600 രൂപയാണ് കരിപ്പൂരില്‍ അധികം നല്‍കേണ്ടത്. കണ്ണൂരിനെ അപേക്ഷിച്ച് വ്യത്യാസം 3,700 രൂപ മാത്രം. കരിപ്പൂരില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് ഇത്തവണ എയര്‍ ഇന്ത്യ ഈടാക്കുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രക്കാര്‍ ആശ്രയിക്കുന്നത് കരിപ്പൂരിനെയാണ്.
2025-ല്‍ കരിപ്പൂരില്‍ നിന്നുള്ള തീര്‍ഥാടകര്‍ കണ്ണൂര്‍, കൊച്ചി വിമാനത്താവളത്തേക്കാള്‍ 36,000 രൂപ അധികം നല്‍കിയാണ് യാത്രയായത്. കഴിഞ്ഞ വര്‍ഷം 18,000 രൂപയോളമായിരുന്നു അധിക നിരക്ക്. നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് തീര്‍ഥാടകരും ഹജ്ജ് കമ്മിറ്റിയും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതിയില്ലാത്തതിനാല്‍ ബജറ്റ് എയര്‍ലൈനായ ചെറിയ വിമാനങ്ങളാണ് സര്‍വിസ് ടെന്ഡറെടുക്കുന്നത്. ഇതാണ് നിരക്ക് കൂടാന്‍ കാരണം. എന്നാല്‍, ഇത്തവണ നിരക്ക് ഗണ്യമായി കുറച്ചാണ് എയര്‍ഇന്ത്യ ടെന്‍ഡര്‍ നേടിയത്.
കരിപ്പൂരിലെ റണ്‍വേ റെസ നിര്‍മാണം ഈ വര്‍ഷത്തോടെ പൂര്‍ത്തിയാകും. ഇതോടെ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കും. സൗദി ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ സര്വീസിനെത്തുന്നതോടെ ഹജ്ജ് സര്‍വിസിനും വലിയ വിമാനങ്ങളുണ്ടാകും. കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം 1800 പേരാണ് ഹജ്ജിന് പോകുന്നത്.
Tags: Haj 2027, Kerala Haj Committee, Karipur Airport, Kochi Airport, Kannur Airport, Air India Express, Flyadeal, Kerala News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



