കാലിഫോര്‍ണിയയിലെ ഫ്രെസ്നോ കൗണ്ടിയില്‍ 700 അടി ഉയരമുള്ള കുത്തനെയുള്ള പാറക്കെട്ടില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ മലകയറ്റക്കാരനെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം സാഹസികമായി രക്ഷപ്പെടുത്തി. അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്ന ഇയാളെ എയര്‍ ലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലെത്തിച്ചത്.
|
Key Highlights
- സാഹസിക രക്ഷാപ്രവർത്തനം: കാലിഫോർണിയയിലെ ഫ്രെസ്നോ കൗണ്ടിയിൽ 700 അടി താഴ്ചയിലേക്ക് വീണ മലകയറ്റക്കാരനെ ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.
- സംഭവസ്ഥലം: സീറാ നെവാഡ പർവതനിരകളിലെ ‘പവർ ഡോം’ എന്നറിയപ്പെടുന്ന ഗ്രാനൈറ്റ് പാറക്കെട്ടിലാണ് അപകടം നടന്നത്.
- വിദഗ്ധ സംഘം: കാലിഫോർണിയ ഹൈവേ പട്രോളിന്റെ H-70 ഹെലികോപ്റ്ററും ഫ്രെസ്നോ കൗണ്ടി ഷെരീഫ് ഓഫീസിലെ റെസ്ക്യൂ ടെക്നീഷ്യനും ചേർന്നാണ് ദൗത്യം പൂർത്തിയാക്കിയത്.
- വീഡിയോ പുറത്ത്: രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ കാലിഫോർണിയ ഹൈവേ പട്രോൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
സെപ്റ്റംബര്‍ 11-നാണ് ‘പവര്‍ ഡോം’ എന്നറിയപ്പെടുന്ന പാറക്കെട്ടില്‍ നിന്ന് ആളപായം സംഭവിച്ചതായി വിവരം ലഭിക്കുന്നത്. സീറാ നെവാഡ പര്‍വതനിരകളുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള കോര്ട്രൈറ്റ് റിസര്‍വോയറിന് സമീപമാണ് ഈ ഗ്രാനൈറ്റ് പാറക്കെട്ട് സ്ഥിതി ചെയ്യുന്നത്. സംഭവം അറിഞ്ഞയുടന്‍ കാലിഫോര്‍ണിയ ഹൈവേ പട്രോളിന്റെ (CHP) കോസ്റ്റല്‍ ഡിവിഷന് എയര്‍ ഓപ്പറേഷന്‍സ് ടീം രക്ഷാപ്രവര്‍ത്തനത്തിനായി കുതിച്ചെത്തുകയായിരുന്നു.
ALSO READ: മക്കയില്‍ ചരിത്രത്തിലാദ്യമായി വ്യോമാക്രമണ മുന്നറിയിപ്പ്; സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികള്‍
പടിഞ്ഞാറന്‍ കാലിഫോര്‍ണിയയിലെ പാസോ റോബിള്‍സ് വിമാനത്താവളത്തില്‍ നിന്നാണ് H70 ഹെലികോപ്റ്റര്‍ സംഭവസ്ഥലത്തേക്ക് എത്തിയത്. പൈലറ്റും, ഹോയിസ്റ്റ് ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുന്ന പാരാമെഡിക്കല്‍ ഓഫീസറും ഉള്‍പ്പെടെ രണ്ടുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
ഫ്രെസ്നോ കൗണ്ടി ഷെരീഫ് ഓഫീസില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ റെസ്ക്യൂ ടെക്നീഷ്യന്റെ (HRT) സഹായത്തോടെയാണ് എച്ച്-70 ഹെലികോപ്റ്റര്‍ പരിക്കേറ്റയാളെ ഉയര്‍ത്തിയെടുത്തത്. തുടര്‍ന്ന് ഇയാളെ താഴെ കാത്തുനിന്ന ആംബുലന്‍സിലേക്ക് മാറ്റി. പങ്കാളിത്ത ഏജന്‍സികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് രക്ഷാപ്രവര്‍ത്തനം വിജയകരമാക്കിയതെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ ഏജന്‍സികള്‍ക്കും അധികൃതര്‍ നന്ദി അറിയിച്ചു. എന്നാല്‍ പരിക്കേറ്റയാളുടെ പേരുവിവരങ്ങളോ നിലവിലെ ആരോഗ്യസ്ഥിതിയോ പുറത്തുവിട്ടിട്ടില്ല.
രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സിഎച്ച്പി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Tags: California Climber Rescue, Fresno County Rescue, Power Dome Cliff Fall, CHP Air Operations, Helicopter Rescue Video, US News Malayalam, Sierra Nevada Rescue
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



