അമേരിക്കയിലെ മസാച്യുസെറ്റ്സിൽ ഹൈദരാബാദ് സ്വദേശിയായ 28കാരനെ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറായ മുഹമ്മദ് ജാബർ ഹുസൈനെ ലോവലിലെ വീട്ടിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 17 ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചത്.
|
ആഗസ്റ്റ് 28ന് ടെക്സസിൽ വിവാഹിതനായ ജാബർ പിന്നീട് മസാച്യുസെറ്റ്സിലേക്ക് മടങ്ങിയിരുന്നു. സെപ്റ്റംബർ 14നാണ് കുടുംബവുമായി അവസാനമായി സംസാരിച്ചത്. ഏകദേശം എട്ട് മണിക്കൂറിന് ശേഷം ജാബർ ഉറക്കത്തിനിടെ മരിച്ചെന്ന വിവരം റൂംമേറ്റ് കുടുംബത്തെ അറിയിക്കുകയായിരുന്നു.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പോസ്റ്റ്മോർട്ടം, മെഡിക്കൽ റിപ്പോർട്ടുകൾക്കായി കുടുംബം കാത്തിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് മൃതദേഹം ഹൈദരാബാദിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ് മുഹമ്മദ് സക്കീർ ഹുസൈൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
മജ്ലിസ് ബചാവോ തെഹ്രീക് (MBT) വക്താവ് അംജദ് ഉല്ല ഖാൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച പിതാവിന്റെ കത്ത് എക്സിൽ പങ്കുവെച്ച് സഹായം അഭ്യർഥിച്ചു. അമേരിക്കയിലെ ഇന്ത്യൻ മിഷൻ പ്രാദേശിക അധികൃതരുമായി ഏകോപിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കുടുംബത്തെ സഹായിക്കണമെന്നാണ് ആവശ്യം.
2021ൽ സിവിൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് പഠനത്തിനായാണ് ജാബർ അമേരിക്കയിലെത്തിയത്. 2023ൽ പഠനം പൂർത്തിയാക്കിയ ശേഷം വിവിധ എൻജിനീയറിങ് സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഈ വർഷം ജൂണിൽ മസാച്യുസെറ്റ്സിലെ ലോക്ക്നർ എന്ന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.
ALSO READ: വെള്ളച്ചാട്ടത്തിൽ കുട്ടിയെ തോളിലേറ്റി നിന്ന യുവാവിന്റെ ദേഹത്തേക്ക് പാമ്പ് വീണു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



