24
Sep 2026
Thu
24 Sep 2026 Thu
veeramani

ചെന്നൈ: തമിഴ്‌നാട്ടിലെ ആഡംബരത്തിന്റെ കേന്ദ്രമായ പോയസ് ഗാർഡനിലെ ഒഴിഞ്ഞുകിടക്കുന്ന ബംഗ്ലാവ്. അതിനുമുന്നിലെ പച്ചപ്പുൽത്തകിടിയിൽ പന്തുകളിക്കുന്ന 85-കാരനായ ഒരു വയോധികൻ. സമീപത്തെ നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ള 12-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികൾ പന്ത് എടുത്തുകൊടുക്കാൻ അങ്ങോട്ട് ഓടിയെത്തുന്നു. അവർക്ക് ചോക്ലേറ്റുകളും സ്പോർട്സ് ഷൂസുകളും വിലകൂടിയ സമ്മാനങ്ങളും നൽകി അയാൾ പുഞ്ചിരിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുറത്തുനിന്ന് നോക്കുന്നവർക്ക് ഇതൊരു ‘കാരുണ്യവാനായ’ കോടീശ്വരന്റെ ചിത്രമായിരുന്നു. എന്നാൽ ആ ബംഗ്ലാവിന്റെ പടിവാതിൽ കടന്ന് അകത്തേക്ക് ചെല്ലുന്നതോടെ കഥ മാറും. ഭിത്തികൾക്ക് പിന്നിലെ രഹസ്യ അറകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നിലവിളികളായിരുന്നു. തമിഴ്‌നാട്ടിലെ വ്യാവസായിക പ്രമുഖനും ‘ജെം ഗ്രാനൈറ്റ്സ്’ സ്ഥാപകനുമായ ആർ. വീരമണി എന്ന 85-കാരൻ കെട്ടിയുയർത്തിയ ഭീകരമായ പീഡന സാമ്രാജ്യത്തിന്റെ കഥകൾ പുറത്തുവരുമ്പോൾ, അത് അമേരിക്കൻ കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ക്രൂരതകളെപ്പോലും നാണംകെടുത്തുന്ന ഒന്നായി മാറുകയാണ്.

പെൻഡ്രൈവിലെ ദൃശ്യങ്ങളും കോടതിയുടെ ദൈവിക ഇടപെടലും

2025 ഒക്ടോബർ 6. ചെന്നൈയിലെ ആന്റി വൈസ് സ്‌ക്വാഡ് ഓഫീസിലേക്ക് അണ്ണാനഗറിലെ ഒരു ബാലാവകാശ പ്രവർത്തകൻ എത്തുമ്പോൾ അദ്ദേഹത്തിന്റെ കൈയിൽ ഒരു പെൻഡ്രൈവ് ഉണ്ടായിരുന്നു. ഒരു വയോധികൻ 13 വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നതിന്റെ വ്യക്തമായ വീഡിയോ ആയിരുന്നു അതിൽ.

പോലീസ് അന്വേഷണം തുടങ്ങി. പീഡനം നടന്നത് തെയ്നാംപേട്ടിലെ ശാന്തി (60), ഭർത്താവ് മഹേന്ദ്ര സിംഹൻ (63) എന്നിവരുടെ വീട്ടിലാണെന്നും, വീഡിയോയിലുള്ളത് പ്രശസ്ത അഭിഭാഷകനും പ്രമുഖ വ്യവസായിയുമായ ആർ. വീരമണിയാണെന്നും തിരിച്ചറിഞ്ഞു.

എന്നാൽ പണവും സ്വാധീനവും കൊണ്ട് എന്തിനെയും വിലയ്ക്കുവാങ്ങാൻ ശീലിച്ച വീരമണിയും സംഘവും പോലീസിനെ അനായാസം നിശബ്ദരാക്കി. “പെൺകുട്ടിയെ കണ്ടെത്താനായില്ല, തെളിവുകളില്ല” എന്ന പച്ചക്കള്ളം എഴുതിച്ചേർത്ത് 2026 ഫെബ്രുവരിയിൽ കേസ് ക്ലോസ് ചെയ്യാൻ പോലീസ് പ്രത്യേക പോക്‌സോ കോടതിയെ സമീപിച്ചു. എന്നാൽ, നീതിപീഠത്തിന്റെ ദൈവീകമായ ഇടപെടലാണ് അവിടെ സംഭവിച്ചത്. പോലീസിന്റെ അന്തിമ റിപ്പോർട്ട് തള്ളിക്കളഞ്ഞ പോക്‌സോ കോടതി, രൂക്ഷവിമർശനത്തോടെ തുടരന്വേഷണത്തിന് ഉത്തരവിട്ടു.

രഹസ്യമുറികളും ‘ഗിസ്ലെയിൻ മാക്സ്വെൽ’ മോഡൽ ഏജന്റും

കോടതിയുടെ നിർദ്ദേശപ്രകാരം തെയ്നാംപേട്ടിലെ മഹേന്ദ്രന്റെ വസതിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കേസിന്റെ അസൽ വീഡിയോ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തു. ഓഗസ്റ്റ് 29-ന് ആർ. വീരമണി, സഹായി മഹേന്ദ്രൻ, ഭാര്യ ശാന്തി എന്നിവർ അറസ്റ്റിലായി.

തുടർന്ന് പുറത്തുവന്നത് ആരും വിശ്വസിക്കാൻ മടിക്കുന്ന വിവരങ്ങളായിരുന്നു:

  • ശാസ്ത്രീയ കെണി: എപ്സ്റ്റീന്റെ പങ്കാളി ഗിസ്ലെയിൻ മാക്സ്വെല്ലിന് സമാനമായി പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വീരമണിയുടെ അടുത്തെത്തിച്ചത് ശാന്തിയായിരുന്നു. സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിൽ നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് ഇവർ ലക്ഷ്യമിട്ടത്.

  • ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: കേസിൽ പിടിയിലായ ശാന്തി, തന്റെ 13-ാം വയസ്സിൽ വീരമണിയാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ആ ബന്ധത്തിൽ തനിക്കൊരു മകനുണ്ടെന്നും പോലീസിനോട് സമ്മതിച്ചു.

  • കാഴ്ചവെയ്ക്കൽ: പോയസ് ഗാർഡനിലെ വാടക ബംഗ്ലാവിലും സ്വന്തം വസതിയിലുമുള്ള രഹസ്യ അറകളിലെ പീഡനങ്ങൾക്ക് പുറമെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആഡംബര കാറുകളിൽ ഹോട്ടലുകളിൽ എത്തിച്ച് മറ്റ് വ്യവസായ പങ്കാളികൾക്കും കാഴ്ചവെച്ചിരുന്നു.

  • പണത്തിന്റെ പ്രലോഭനം: പീഡനത്തിന് ശേഷം 2,000 മുതൽ 5,000 രൂപ വരെയും, ചില സാഹചര്യങ്ങളിൽ 50,000 രൂപ വരെയും ഇരകൾക്ക് നൽകിയിരുന്നു.

പീഡനത്തിന് ഇരയായ കുട്ടികൾക്ക് ആവശ്യങ്ങൾ വരുമ്പോൾ വിളിക്കാൻ പ്രത്യേക ഫോൺ നമ്പറുകൾ നൽകിയിരുന്നു. പണത്തിനോ മറ്റ് സഹായങ്ങൾക്കോ വേണ്ടി കുട്ടികൾ വിളിക്കുമ്പോൾ ഡ്രൈവറെ അയച്ച് ആഡംബര കാറുകളിൽ ഇവരെ ബംഗ്ലാവിലേക്ക് കൊണ്ടുവരികയായിരുന്നു രീതി.

70 കോടിയുടെ കോഴയും 130 കോടിയുടെ ഭൂമി ഇടപാടും

കേസ് ഒതുക്കിതീർക്കാൻ 70 കോടി രൂപയോളം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും വീരമണി കോഴയായി നൽകിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ വീരമണിയെ സഹായിച്ചതിന് പിന്നിൽ റെയിൽവേ യൂണിയൻ നേതാവിന്റെ മകൻ പ്രകാശാണെന്നും, ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വലിയ തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. നിലവിൽ പ്രകാശ് വിദേശത്തേക്ക് കടന്നിരിക്കുകയാണ്.

അതിനിടെ, കേസ് ഒത്തുതീർപ്പാക്കുന്നതിനായി 130 കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ ധൃതിപിടിച്ച് വളരെ തുച്ഛമായ വിലയ്ക്ക് വീരമണി വിറ്റഴിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പണം ആരൊക്കെയാണ് കൈപ്പറ്റിയതെന്ന് അന്വേഷിക്കുകയാണ്.

അതിനിടെ, വീരമണിയുടെ 23 വർഷത്തെ വിശ്വസ്തനായ ജീവനക്കാരൻ ഗണേശനെ ചെന്നൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ക്രൂരമായ വീഡിയോ ഗണേശന്റെ ഫോണിൽ ഉണ്ടായിരുന്നുവെങ്കിലും അത് മറച്ചുവെച്ചതിനാണ് നടപടി.

രാഷ്ട്രീയ കൊടുങ്കാറ്റും പഴയ കൊലപാതക കേസും

ഡി.എം.കെ ഭരണകാലത്താണ് ഈ കേസ് അട്ടിമറിക്കപ്പെട്ടതെന്ന വിവര പുറത്തുവന്നതോടെ തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ പോരാണ് ഉടലെടുത്തിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേസിൽ കടുത്ത നടപടിക്ക് നിർദ്ദേശം നൽകി.

സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മീഷണർ പി.സി. തേൻമൊഴിയുടെ നേതൃത്വത്തിൽ ലൈംഗിക കുറ്റകൃത്യങ്ങളും, അഡീഷണൽ കമ്മീഷണർ കെ.എസ്. നരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കാൻ രണ്ട് പ്രത്യേക സംഘങ്ങളെയും മുഖ്യമന്ത്രി നിയമിച്ചു.

ഇതിനിടെ, 2003-ൽ വീരമണിയുടെ ലൈംഗിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്ന ഒരു പെൺകുട്ടിയുടെ കേസും പ്രത്യേക സംഘം പുനരന്വേഷിക്കുകയാണ്.

ഇതുവരെ 10-ഓളം പെൺകുട്ടികൾ വീരമണിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. അതിൽ 4 പേരുടെ രഹസ്യമൊഴി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാകുന്നതോടെ വ്യവസായ ലോകത്തെ കൂടുതൽ വമ്പന്മാർ കുടുങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: R Veeramani, Gem Granites, POCSO Case, Chennai Crime News, Poes Garden, Tamil Nadu Politics, TVK Vijay, DMK, Crime Story Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക