25
Sep 2026
Fri
25 Sep 2026 Fri
Veeramani Pocso Case VIJAY

ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി ആര്‍. വീരമണി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഡി.എം.കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ എ.ഐ.എ.ഡി.എം.കെയുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. വിഷയത്തില്‍ സ്റ്റാലിന്‍ വായ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്റ്റിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജെം ഗ്രാനൈറ്റ്‌സ് ചെയര്‍മാന്‍ ആര്‍. വീരമണിയെയും ശാന്തി, ഭര്‍ത്താവ് മഹേന്ദ്ര സിംഹന്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ ഡി.എം.കെ ഭരണകാലത്ത് 2025 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവുമായി ബാലാവകാശ പ്രവര്‍ത്തകന്‍ ആന്റി-വൈസ് സ്‌ക്വാഡിനെ (Anti-Vice Squad) സമീപിക്കുകയായിരുന്നു.

ALSO READ: ഉടമസ്ഥാവകാശമില്ലാത്ത ഭൂമിയും വ്യാജ കണക്കുകളും ഈട് നല്‍കി; കിറ്റക്‌സ് ഗ്രൂപ്പ് ഉടമ നടത്തിയത് 2000 കോടിയുടെ വായ്പ്പാ തട്ടിപ്പ്

മുന്‍ ഡി.എം.കെ ഭരണകാലത്ത് കേസില്‍ പരാതി ലഭിച്ചിരുന്നെങ്കിലും, ക്രൂരമായ ഈ കുറ്റകൃത്യവും അതിന്റെ ചരിത്രവും മുക്കിമൂടപ്പെടുകയായിരുന്നുവെന്ന് വിജയ് ആരോപിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവ് കെ. മരഗത വേലു രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലത്തില്‍ ഒക്ടോബര്‍ 6-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് വിജയ് ഡി.എം.കെയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

‘എന്തായിരുന്നു അതിനുപിന്നിലെ കരാറെന്ന് തമിഴ്നാട് ജനത ചോദിക്കുകയാണ്. സ്റ്റാലിന്‍ സര്‍, നിങ്ങള്‍ വായ തുറക്കൂ. നിങ്ങളുമായി കൈകോര്‍ത്ത് എ.ഐ.എ.ഡി.എം.കെയും ഈ വിഷയത്തില്‍ മിണ്ടുന്നില്ല. ഈ വിഷയത്തില്‍ പോലും ഒരു ധാരണയിലെത്തി ഒത്തുകളിക്കുകയാണോ നിങ്ങള്‍? ഇപ്പോഴും നിങ്ങള്‍ വായ തുറക്കില്ലേ?’ വിജയ് ചോദിച്ചു.

തന്റെ സ്വന്തം അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ പോലും താന്‍ ക്ഷമിച്ചിട്ടുണ്ടെന്ന് വിജയ് പറഞ്ഞു. എന്നാല്‍ ‘തമിഴ്നാട്ടിലെ എന്റെ അമ്മമാരെയും സഹോദരിമാരെയും കുറിച്ച്’ അശ്ലീലമായ രീതിയില്‍ സംസാരിക്കുന്നത് സഹിക്കാന്‍ കഴിയില്ല.ഡി.എം.കെയും ‘ഡി.എം.കെ കുടുംബവും’ ഇത്തരം രീതിയിലാണ് സംസാരിക്കുന്നത്. സ്റ്റാലിനും അദ്ദേഹത്തിന്റെ കുടുംബവും അത്തരം അശ്ലീല സംസാരങ്ങള്‍ ആസ്വദിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, വീരമണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഡി.എം.കെ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. ശക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, അടുത്തിടെ വിജയ് സര്‍ക്കാരിന്റെ കീഴിലുള്ള പ്രത്യേക പോക്സോ (POCSO) കോടതി കേസ് അവസാനിപ്പിച്ച റിപ്പോര്‍ട്ട് തള്ളുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതിയായ വീരമണിയെ അറസ്റ്റ് ചെയ്തത്.

വീഡിയോയിലുള്ള ഇരയായ പെണ്‍കുട്ടിയെ കണ്ടെത്തുകയും മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മറ്റ് പല സ്ത്രീകളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചതോടെ അന്വേഷണം കൂടുതല്‍ വിപുലമായിട്ടുണ്ട്. ശാന്തി, മഹേന്ദ്ര സിംഹന്‍ എന്നിവര്‍ വീരമണിക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സൗകര്യമൊരുക്കിക്കൊടുത്തു എന്നാണ് പോലീസിന്റെ ആരോപണം.

Tags Vijay, TVK, MK Stalin, DMK, Veeramani Gem Granites, Veeramani Pocso Case, Tamil Nadu News, TVK Campaign, Tamil Nadu Politics, AIADMK

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക