ആഗ്ര: കണ്ണിലെ രോഗത്തിന് ചികിത്സയിലുള്ള അനിയത്തിക്കായി വ്യാജ പ്രചാരണത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയായ അജയ് വീര്‍ സിംഗ് എന്ന ജയ് സിംഗ് റാത്തോഡിനെയാണ് വ്യാജ രേഖകള്‍ ചമച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
|
പ്രധാന വിവരങ്ങൾ (Key Highlights)
- ഇല്ലാത്ത അനിയത്തിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച ചികിത്സാ രേഖകൾ നൽകിയാണ് യുവാവ് തട്ടിപ്പ് നടത്തിയത്.
- സമൂഹമാധ്യമമായ എക്സിലൂടെ (X) 24 മണിക്കൂറിനുള്ളിൽ 1.5 ലക്ഷത്തിലധികം രൂപ സമാഹരിച്ചു.
- ഡൽഹിയിലെ പ്രശസ്തമായ ആശുപത്രിയുടെ പേരിലുള്ള വ്യാജ രേഖകളാണ് പിരിവിനായി ഉപയോഗിച്ചത്.
- ആശുപത്രി അധികൃതർ തന്നെ വ്യാജ സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
തന്റെ 12 വയസ്സുള്ള അനിയത്തിക്ക് ‘ഗ്ലോക്കോമ’ എന്ന ഗുരുതരമായ രോഗമാണെന്നും കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നും കാണിച്ചാണ് ഇയാള്‍ സമൂഹമാധ്യമമായ ‘എക്‌സ്’ (ട്വിറ്റര്‍) വഴി സഹായ അഭ്യര്‍ത്ഥന നടത്തിയത്. തനിക്ക് 16 വയസ്സാണ് പ്രായമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
ഡല്‍ഹിയിലെ പ്രശസ്തമായ ഷ്രോഫ് ഐ സെന്ററിലാണ് സഹോദരി ചികിത്സയിലുള്ളതെന്നും, മുന്‍പ് 2.5 ലക്ഷത്തോളം രൂപ ചെലവായെന്നും അടുത്ത ശസ്ത്രക്രിയക്കായി 1.2 ലക്ഷം രൂപ കൂടി വേണമെന്നുമായിരുന്നു പ്രചാരണം. 50,000 രൂപ സംഘടിപ്പിച്ചെന്നും ഇനി 73,000 രൂപ കൂടി വേണമെന്നും കാണിച്ച് ഇയാള്‍ പങ്കുവെച്ച പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. നൂറുകണക്കിന് ആളുകളാണ് സഹായവുമായി മുന്നോട്ടുവന്നത്.
തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ 1,58,282 രൂപ ലഭിച്ചെന്നും ആവശ്യമുള്ളതിനേക്കാള്‍ തുക കിട്ടിയതിനാല്‍ ഇനി പണം അയക്കരുതെന്നും വ്യക്തമാക്കി ഇയാള്‍ പണമിടപാട് ലിങ്കുകള്‍ നീക്കം ചെയ്തു.
എന്നാല്‍, ഇയാളുടെ ലെറ്റര്‍ഹെഡുകളും മെഡിക്കല്‍ രേഖകളും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഷ്രോഫ് ഐ സെന്റര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ മുന്നറിയിപ്പ് നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളുടെ ആശുപത്രിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച ചികിത്സാ രേഖകള്‍ ഉപയോഗിച്ച് ചിലര്‍ പണപ്പിരിവ് നടത്തുന്നതായി വ്യക്തമായെന്നും, ഇത്തരക്കാരുടെ വഞ്ചനയില്‍ വീഴരുതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ തുക നല്‍കിയ ദാതാക്കള്‍ ക്രൗഡ് ഫണ്ടിങ്ങിനെ ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. അജയ്വീര്‍ സിംഗ് നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതോടെ നിരവധി ആളുകള്‍ പണം തിരികെ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ആഗ്ര ബാഹ് പൊലീസ് സ്റ്റേഷന്‍ അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കി പൊതുജനങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
Tags Crowdfunding Scam, Agra Fraud, Fake Medical Fundraiser, Social Media Scam, X Scam, Shroff Eye Centre, Agra Police, Crime News, Fake Fundraiser Arrest
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



