26
Sep 2026
Sat
26 Sep 2026 Sat
DK Shivakumar Two Marriages Remark Row

ബെംഗളൂരു: സംസ്ഥാനത്തെ ഒരു ഡസനോളം എം.എല്‍.എമാര്‍ക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവന പുതിയ രാഷ്ട്രീയ പോരിന് തിരികൊളുത്തി. ആ രണ്ട് വിവാഹം കഴിച്ച എം.എല്‍.എമാര്‍ ആരാണെന്ന് തുറന്നുപറയാന്‍ ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • വിവാ പരാമർശം: ബെംഗളൂരുവിലേക്ക് വരുന്ന എംഎൽഎമാരിൽ പലർക്കും രണ്ട് ഭാര്യമാരുണ്ടെന്നും പട്ടിക തരാമെന്നും ഡി.കെ. ശിവകുമാർ നിയമസഭയിൽ പറഞ്ഞു.
  • പേര് വെളിപ്പെടുത്താൻ വെല്ലുവിളി: പ്രസ്താവന അനാവശ്യമാണെന്നും ആ എംഎൽഎമാർ ആരൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആർ. അശോക് ആവശ്യപ്പെട്ടു.
  • സഭയുടെ അന്തസ്സ്: ശിവകുമാറിന്റെ തമാശ രൂപേണയുള്ള പരാമർശം ജനങ്ങളിൽ തെറ്റായ സംശയം ഉണ്ടാക്കുമെന്ന് മുൻ മന്ത്രി എസ്. സുരേഷ് കുമാർ വ്യക്തമാക്കി.
  • നഗരവൽക്കരണം: ബെംഗളൂരു നഗരത്തിലെ ജനസംഖ്യ കുത്തനെ ഉയരുന്നതിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു വിവാദ പ്രതികരണം.

നിയമസഭയില്‍ നടന്ന വരള്‍ച്ചാ ദുരിതത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, ബെംഗളൂരു നഗരവല്‍ക്കരണത്തിന്റെ സമ്മര്‍ദ്ദങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു ശിവകുമാറിന്റെ വിവാദ പരാമര്‍ശം.

ALSO READ: കണ്ണഞ്ചിപ്പിക്കുന്ന ഗ്ലാമറസ് ജീവിതം: വിദേശ ജോലി വാഗ്ദാനത്തില്‍ തട്ടിയത് കോടികള്‍; പരാതിപ്പെട്ടാല്‍ ഭീഷണി

‘കെംപെഗൗഡയാണ് ബെംഗളൂരു നിര്‍മ്മിച്ചത്. കംഗാള്‍ ഹനുമന്തയ്യ വിധാനസൗധ നിര്‍മ്മിച്ചു. എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ ഒരു അന്താരാഷ്ട്ര നഗരമാക്കി മാറ്റി. ഈ നഗരത്തിലേക്ക് വരുന്ന ആരും പിന്നീട് ഇവിടം വിട്ടുപോകില്ല’ – ശിവകുമാര്‍ പറഞ്ഞു.

‘ഇവിടെ എത്തുന്ന നിങ്ങളടക്കമുള്ള എം.എല്‍.എമാര്‍ പോലും മടങ്ങിപ്പോകുന്നില്ല. ഈ നഗരത്തിലേക്ക് വരുന്ന എല്ലാവര്‍ക്കും രണ്ട് ഭാര്യമാരുണ്ട്. അങ്ങനെയുള്ള ഒരു ഡസനോളം ആളുകളുണ്ട്. വേണമെങ്കില്‍ അവരുടെ പട്ടിക ഞാന്‍ നല്‍കാം’ – സഭയെ ചിരിപ്പിച്ചെങ്കിലും രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായ പരാമര്‍ശത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധാര്‍വാഡ്, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള എം.എല്‍.എമാരുടെ പേരുകള്‍ എടുത്തുപറയാനാകുമെങ്കിലും താന്‍ അതിലേക്ക് കടക്കുന്നില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ‘ബെംഗളൂരുവിലേക്ക് വരുന്ന അഭിഭാഷകര്‍ പോലും സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുന്നില്ല. അതുകൊണ്ടാണ് നഗരത്തിലെ ജനസംഖ്യ കുത്തനെ ഉയര്‍ന്നത്’ – നഗര ജനസംഖ്യ 33 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയര്‍ന്ന കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, എം.എല്‍.എമാരുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശം ബി.ജെ.പി ആയുധമാക്കി. ഇത് തികച്ചും അനാവശ്യമായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് ആര്‍. അശോക് വിമര്‍ശിച്ചു. ആ എം.എല്‍.എമാര്‍ ആരൊക്കെയാണെന്ന് ശിവകുമാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മറ്റ് ജില്ലകളില്‍ നിന്ന് ബെംഗളൂരുവിലെത്തിയ എല്ലാ എം.എല്‍.എമാര്‍ക്കും മേല്‍ ഇപ്പോള്‍ സംശയത്തിന്റെ വാള്‍ തൂങ്ങിനില്‍ക്കുകയാണ്’ – അശോക് പറഞ്ഞു. താന്‍ ബെംഗളൂരുവില്‍ ജനിച്ചു വളര്‍ന്നയാളായതിനാല്‍ ഈ പരാമര്‍ശം തനിക്ക് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവകുമാര്‍ തമാശയായി പറഞ്ഞതാണെങ്കിലും നിയമസഭയില്‍ വെച്ച് നടത്തിയ ഇത്തരം പരാമര്‍ശങ്ങള്‍ സഭയുടെ അന്തസ്സിന് ചേര്‍ന്നതല്ലെന്ന് മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ എസ്. സുരേഷ് കുമാര്‍ വിമര്‍ശിച്ചു.

ശിവകുമാറിന്റെ പരാമര്‍ശം പൊതുജനങ്ങള്‍ക്കിടയില്‍ മോശമായ കൗതുകം ഉണ്ടാക്കിയിട്ടുണ്ടെന്നും, രണ്ട് വിവാഹം കഴിച്ച് രണ്ട് കുടുംബങ്ങളെ പുലര്‍ത്തുന്ന എം.എല്‍.എമാരുടെ പേരുകള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അല്ലാത്തപക്ഷം, സംസ്ഥാനത്തെ എല്ലാ എം.എല്‍.എമാരെയും ജനങ്ങള്‍ സംശയത്തോടെയും പരിഹാസത്തോടെയും കാണുന്ന സാഹചര്യം ഉണ്ടാകും,’ സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക