പുകയിലക്കടത്ത് സംഘത്തെ പിടികൂടുന്നതിനിടെ നടന്നത് സിനിമയെ വെല്ലുന്ന കാർ ചേസ്. പോലീസ് ചെക്കിങ്ങിനിടെ നിർത്താതെ പാഞ്ഞ കാർ തടയാൻ, ഹെഡ് കോൺസ്റ്റബിൾ കാറിന്റെ മുകളിൽ കയറി 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നാണ് ഒടുവിൽ പ്രതികളെ പിടികൂടിയത്.
|
കോയമ്പത്തൂർ വിലാങ്കുറിച്ചിയിലാണ് സംഭവം. പുകയില ഉൽപ്പന്നങ്ങൾ കടത്തുന്ന സംഘത്തെ പിടികൂടാൻ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കർണാടക രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ക്രെറ്റ പോലീസ് പരിശോധിക്കാതെ അതിവേഗം കടന്നുപോയത്.
സംശയം തോന്നിയതോടെ പോലീസ് ബൈക്കിൽ പിന്നാലെ പാഞ്ഞു. ഇതിനിടെ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകൻ കാറിന്റെ മുകളിൽ കയറി പിടിച്ചുനിന്നു. എന്നാൽ കാറിലുണ്ടായിരുന്നവർ വാഹനം നിർത്താതെ ഏകദേശം 40 കിലോമീറ്ററോളം മുന്നോട്ട് പോയി.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആംബുലൻസിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്.
300 കിലോഗ്രാം ഗുട്ക ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഒടുവിൽ കോയമ്പത്തൂർ ജില്ലാ അതിർത്തിക്ക് സമീപമുള്ള പെട്രോൾ പമ്പിൽ വാഹനം തടഞ്ഞു.
വാഹനത്തിൽ നിന്ന് 200 കിലോഗ്രാം ഗുട്ക പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. രാജസ്ഥാൻ സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ കർണാടകയിൽ നിന്ന് വരികയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ALSO READ: ഇറാൻ പരമോന്നത നേതാവിനെ രക്ഷപ്പെടുത്തിയത് ബോംബിങ്ങിൽ തകർന്ന ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





