കൊച്ചി: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് എസ്ഐടി തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. വി. അബ്ദുറഹിമാന്റെ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
|
മുൻ കായികമന്ത്രിയുടെ സ്പെയിൻ യാത്ര ഉൾപ്പെടെയുള്ള കാര്യങ്ങളും എസ്ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ, സ്പോൺസർഷിപ്പ് നടപടികൾ, ഔദ്യോഗിക ഇടപെടലുകൾ എന്നിവയും സംഘം പരിശോധിക്കുന്നുണ്ട്.
എസ്ഐടി അന്വേഷണം സ്വാഗതം ചെയ്യുന്നതായി വി. അബ്ദുറഹിമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അർജന്റീന ടീം പണം വാങ്ങി വഞ്ചിച്ചുവെന്നാണ് താൻ മനസിലാക്കുന്നതെന്നും സാമ്പത്തിക ഇടപാടുകളിൽ തനിക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.
ഇതിനിടെ, മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടുകളിൽ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറിവോടെയാണോ നികുതി വെട്ടിപ്പ് നടന്നതെന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് ജിഎസ്ടി ഉദ്യോഗസ്ഥരെയും നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. സ്പോൺസർക്ക് ജിഎസ്ടി ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.
ALSO READ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് സ്വർണം
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



