പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ PCS ഉദ്യോഗസ്ഥയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച ശേഷം സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളഞ്ഞെന്ന പരാതിയിൽ യുവതിക്കും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസ്.
|
AAP ജോയിന്റ് സെക്രട്ടറി അമരീന്ദർ സിങ് മണ്ടോഫാലാണ് പരാതി നൽകിയത്. യുവതിയും കുടുംബവും അവരെ PCS ഉദ്യോഗസ്ഥയാണെന്നും അവിവാഹിതയാണെന്നും പരിചയപ്പെടുത്തിയെന്നാണ് നേതാവിന്റെ ആരോപണം. പ്രായം സംബന്ധിച്ചും തെറ്റായ വിവരങ്ങൾ നൽകിയെന്നും പരാതിയിൽ പറയുന്നു.
2026 ഫെബ്രുവരിയിലായിരുന്നു മൻവിന്ദർ കൗറുമായുള്ള അമരീന്ദർ സിങ്ങിന്റെ വിവാഹം. പഞ്ചാബ് നിയമസഭാ സ്പീക്കർ കുൽതാർ സിങ് സന്ധ്വാൻ, മന്ത്രി തരൺപ്രീത് സിങ് സൗന്ദ് അടക്കമുള്ള നിരവധി AAP നേതാക്കളും ജനപ്രതിനിധികളും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
വിവാഹത്തിന് പിന്നാലെ യുവതി വീട്ടിൽനിന്ന് സ്വർണം, വെള്ളി ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി പോയെന്നാണ് അമരീന്ദർ സിങ്ങിന്റെ ആരോപണം. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവതി നേരത്തെ വിവാഹിതയായിരുന്നെന്നും വിവാഹമോചനം നേടിയിരുന്നെന്നും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. 18 വയസുള്ള മകനുണ്ടെന്നും പരാതിക്കാരൻ ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ മൻവിന്ദർ കൗർ ഉൾപ്പെടെ ആറുപേർക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. കൗറിന്റെ സഹോദരൻ തർലോചൻ സിങ്, അമ്മ വരീന്ദർജിത് കൗർ, ബന്ധു നരിന്ദർ സിങ് ഗോൾഡി, സഹോദരഭാര്യ രൂപീന്ദർ കൗർ, മുൻ ഗ്രാമ സർപഞ്ച് സുരീന്ദർ സിങ് റാണ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
തർൺതാരൻ ജില്ലയിലെ ഭിഖിവിൻഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുർ സിങ് ഗ്രാമവാസികളാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
അമരീന്ദർ സിങ് സില്ലാ പരിഷത്ത് അംഗവും മാർക്കറ്റ് കമ്മിറ്റി സിർഹിന്ദ് ചെയർമാനുമാണ്. വിവാഹച്ചടങ്ങിൽ പ്രമുഖ AAP നേതാക്കൾ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് സംഭവത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചത്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ALSO READ: ആർ സുഗതനെതിരെ കാപ്പ ചുമത്തിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





