26
Nov 2026
Thu
26 Nov 2026 Thu
Couple Donates 121-kg Gold Worth Rs 206 Crore To Tirupati Temple

തിരുപ്പതി ക്ഷേത്രത്തിന് 206 കോടി രൂപയുടെ സ്വർണാഭരണങ്ങൾ ദാനം ചെയ്ത് ദമ്പതികൾ. ചെന്നൈ സ്വദേശികളായ വർധമാൻ ജെയിൻ- രാധിക ജെയിൻ ദമ്പതികളാണ് ക്ഷേത്രത്തിന് 121 കിലോ​ഗ്രാം സ്വർണാഭരണങ്ങൾ സമ്മാനിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭാവന കൈമാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വജ്രങ്ങൾ പതിപ്പിച്ച വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും സംഭാവനയിൽ ഉൾപ്പെടുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) പൂജാരിമാർക്കും അധികൃതർക്കുമാണ് ദമ്പതികൾ ആഭരണങ്ങൾ കൈമാറിയത്. ഭഗവാനോടുള്ള അഗാധമായ ഭക്തിയും വിശ്വാസവുമാണ് ഇത്രയും വലിയ സംഭാവനയ്ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.

ദൈവികമായ പ്രേരണയെ തുടർന്നാണ് സ്വർണം സമർപ്പിക്കാൻ തീരുമാനിച്ചതെന്ന് ദമ്പതികൾ തന്നോട് പറഞ്ഞതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. 206 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ വെങ്കിടേശ്വര ഭഗവാന് സമർപ്പിച്ചത് അസാധാരണമായ ഭക്തിയുടെ പ്രകടനമാണെന്നും ചരിത്രപരമായ ഈ ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണദേവരായരുടെ കാലം മുതൽ ഇന്നുവരെ നിരവധി ഭരണാധികാരികളും ഭക്തരും തിരുമല ക്ഷേത്രത്തിന്റെ സമ്പത്തും പാരമ്പര്യവും സമ്പന്നമാക്കിയിട്ടുണ്ടെന്നും നായിഡു ചൂണ്ടിക്കാട്ടി. പല്ലവർ, ചോളർ, ചേരർ, പാണ്ഡ്യർ, മൈസൂർ, മറാത്ത രാജാക്കന്മാർ തുടങ്ങിയവരുടെ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു.

അലിപിരി ബോംബ് ആക്രമണത്തിൽ നിന്ന് താൻ രക്ഷപ്പെട്ടത് വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഭഗവാൻ എനിക്ക് പുതുജീവിതം നൽകി. അവിടുത്തെ അനുഗ്രഹമാണ് എന്നെ രക്ഷിച്ചത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ക്ഷേത്രത്തിന്റെ പവിത്രതയും പാരമ്പര്യവും സംരക്ഷിക്കുന്നതിന് ടിടിഡി മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗോസംരക്ഷണം, വേദപാരമ്പര്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. ‘വൃക്ഷോ ഗോവിന്ദം’ പദ്ധതി വിപുലീകരിക്കാനും ആന്ധ്രപ്രദേശിൽ ടിടിഡിയുടെ പിന്തുണയോടെ 5,000 ക്ഷേത്രങ്ങൾ നിർമിക്കാനുമുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.

അന്നദാനം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും നായിഡു വ്യക്തമാക്കി. ‘മാനവ സേവയാണ് മാധവ സേവ’ എന്ന ആശയം ഭക്തർ ജീവിതത്തിൽ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

സമ്പന്നരായ വ്യക്തികൾ തങ്ങളുടെ സമ്പത്തിന്റെ ഒരു ഭാഗം സാമൂഹികക്ഷേമത്തിനും ആത്മീയകാര്യങ്ങൾക്കും നിർധനരുടെ സേവനത്തിനുമായി വിനിയോഗിക്കണമെന്നും ജെയിൻ ദമ്പതികളുടെ മാതൃക പിന്തുടരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

ALSO READ: നെതന്യാഹുവിന് ഇരട്ട പ്രഹരം! ഒക്ടോബർ 7 സുരക്ഷാ വീഴ്ചകളിൽ സ്വതന്ത്ര അന്വേഷണത്തിനും, അഴിമതിക്കേസിൽ കുറ്റപത്രമുള്ളവരെ പ്രധാനമന്ത്രി പദവിയിൽ നിന്ന് വിലക്കാനുമുള്ള ബില്ലുകൾക്ക് ഇസ്രായേൽ പാർലമെന്റിന്റെ പ്രാഥമിക അംഗീകാരം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക