ഇറുകിയ ബ്രായും അണ്ടർവയറുള്ള ബ്രായും സ്തനാർബുദത്തിന് കാരണമാകുമെന്ന പ്രചാരണം എത്രത്തോളം ശരിയാണ്? ഭയപ്പെടേണ്ടത് വസ്ത്രധാരണത്തെയല്ല, ശരീരത്തിലെ അസാധാരണ മാറ്റങ്ങൾ അവഗണിക്കുന്നതിനെയാണ് മുന്നറിയിപ്പുമായി വിദഗ്ധർ.
|
സ്തനാർബുദത്തെക്കുറിച്ച് സ്ത്രീകൾക്കിടയിൽ ഇന്നും നിരവധി ആശങ്കകളും തെറ്റിദ്ധാരണകളുമുണ്ട്. കറുത്ത നിറത്തിലുള്ള ബ്രാ ധരിക്കുന്നത് മുതൽ ഇറുകിയ ബ്രാ ഉപയോഗിക്കുന്നതും രാത്രിയിൽ ബ്രാ ധരിച്ച് ഉറങ്ങുന്നതും വരെ സ്തനാർബുദ സാധ്യതയുമായി ബന്ധപ്പെടുത്തി പല വാദങ്ങളും പ്രചരിക്കാറുണ്ട്. എന്നാൽ ഈ വാദങ്ങൾക്കെല്ലാം ശാസ്ത്രീയമായ അടിസ്ഥാനമുണ്ടോ? അതോ അനാവശ്യ ഭയം സൃഷ്ടിക്കുന്ന മിഥ്യാധാരണകളാണോ ഇവ? ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായിരിക്കെ, ഇത്തരം സംശയങ്ങൾക്ക് വ്യക്തത നൽകുകയാണ് വിദഗ്ധർ.
ഗുരുഗ്രാമിലെ സി.കെ. ബിർള ആശുപത്രിയിലെ ദി ബ്രെസ്റ്റ് സെന്റർ ഡയറക്ടറും സ്തനാർബുദ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. രോഹൻ ഖണ്ഡേൽവാളാണ് ഈ വിഷയത്തിൽ വിശദീകരണം നൽകിയത്. സാധാരണ വസ്ത്രധാരണ രീതികളോ ഉറങ്ങുന്ന രീതിയോ സ്തനാർബുദത്തിന് കാരണമാകുന്നതായി വിശ്വസനീയമായ ശാസ്ത്രീയ തെളിവുകളില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കറുത്ത ബ്രാ ധരിക്കുന്നത് സ്തനാർബുദത്തിന് കാരണമാകുമോ?
ഇല്ല. ബ്രായുടെ നിറവും സ്തനാർബുദ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിശ്വസനീയമായ ശാസ്ത്രീയ തെളിവുകളില്ല. കറുത്ത ബ്രാ ധരിക്കുന്നതുകൊണ്ട് മാത്രം സ്തനാർബുദ സാധ്യത വർധിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
ഇറുകിയ ബ്രാ അപകടകരമാണോ?
ഇറുകിയ ബ്രാ ധരിക്കുന്നത് സ്തനങ്ങളിലെ ലിംഫ് പ്രവാഹത്തെ തടസ്സപ്പെടുത്തുകയും ശരീരത്തിൽ വിഷാംശങ്ങൾ അടിഞ്ഞുകൂടാൻ കാരണമാവുകയും അതുവഴി അർബുദമുണ്ടാകുകയും ചെയ്യുമെന്ന വാദവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടർ പറയുന്നു. ബ്രാ ഉപയോഗവും സ്തനാർബുദവും തമ്മിൽ കാരണബന്ധം സ്ഥാപിക്കുന്ന തെളിവുകൾ ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടില്ല.
എന്നാൽ ശരിയായ അളവിലല്ലാത്ത ബ്രാ ധരിക്കുന്നത് ചർമത്തിൽ അസ്വസ്ഥത, ചുവന്ന പാടുകൾ, സമ്മർദം മൂലമുള്ള അടയാളങ്ങൾ, വേദന എന്നിവയ്ക്ക് കാരണമാകാം. അതിനാൽ ശരീരത്തിന് അനുയോജ്യമായ അളവിലുള്ള ബ്രാ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ബ്രാ ധരിച്ച് ഉറങ്ങുന്ന ശീലം അപകടമാണോ?
രാത്രിയിൽ ബ്രാ ധരിച്ച് ഉറങ്ങുന്നത് സ്തനാർബുദത്തിന് കാരണമാകുമെന്നതിന് വിശ്വസനീയമായ തെളിവുകളില്ല. ഉറങ്ങുമ്പോൾ ബ്രാ ധരിക്കണോ വേണ്ടയോ എന്നത് വ്യക്തിയുടെ സൗകര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് തീരുമാനിക്കാം.
സ്തനങ്ങളിൽ വേദനയോ മൃദുത്വമോ അനുഭവപ്പെടുന്ന ചില സ്ത്രീകൾക്ക് മൃദുവായതും ശരിയായ അളവിലുള്ളതുമായ ബ്രാ ധരിക്കുന്നത് ആശ്വാസം നൽകാം. മറ്റുചിലർക്ക് ബ്രാ ധരിക്കാതെ ഉറങ്ങുന്നതായിരിക്കും കൂടുതൽ സുഖകരം. രണ്ടും സാധാരണമാണ്.
ബ്രായെക്കുറിച്ചുള്ള ആശങ്കകളേക്കാൾ ശ്രദ്ധിക്കേണ്ടത് ഈ ലക്ഷണങ്ങൾ
വസ്ത്രധാരണവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളിൽ ആശങ്കപ്പെടുന്നതിനുപകരം സ്തനങ്ങളിൽ ഉണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ തിരിച്ചറിയുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. സ്തനാർബുദത്തിന്റെ ആദ്യഘട്ടത്തിൽ എല്ലായ്പ്പോഴും വേദന അനുഭവപ്പെടണമെന്നില്ല. അതിനാൽ താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കണം.
സ്തനത്തിലോ കക്ഷത്തിലോ പുതിയ മുഴ: മുമ്പ് ഇല്ലാതിരുന്ന മുഴയോ കട്ടിയോ അനുഭവപ്പെടുക.
വലുപ്പത്തിലോ ആകൃതിയിലോ മാറ്റം: ഒരു സ്തനത്തിന് അസാധാരണമായി വലുപ്പവ്യത്യാസം അനുഭവപ്പെടുക.
ചർമത്തിലെ മാറ്റങ്ങൾ: ചർമം ഉള്ളിലേക്ക് വലിഞ്ഞതുപോലെയാകുക, ചുളിവുകൾ പ്രത്യക്ഷപ്പെടുക, ഓറഞ്ചിന്റെ തൊലിക്ക് സമാനമായ രൂപം ഉണ്ടാകുക.
മുലക്കണ്ണിലെ മാറ്റങ്ങൾ: പുതുതായി ഉള്ളിലേക്ക് വലിഞ്ഞുപോകുക, അസാധാരണമായ തിണർപ്പോ ചർമത്തിലെ മാറ്റങ്ങളോ ഉണ്ടാകുക, രക്തം കലർന്ന സ്രവം വരിക.
തുടർച്ചയായ വീക്കമോ അസ്വസ്ഥതയോ: പ്രത്യേകിച്ച് മറ്റ് അസാധാരണ മാറ്റങ്ങൾക്കൊപ്പം അനുഭവപ്പെടുമ്പോൾ.
സ്തനങ്ങളിൽ കാണപ്പെടുന്ന മിക്ക മുഴകളും അർബുദമല്ല. എന്നാൽ സ്പർശിച്ചുനോക്കി മാത്രം മുഴയുടെ സ്വഭാവം തിരിച്ചറിയാൻ കഴിയില്ല. അതിനാൽ സ്വയം പരിശോധനയിൽ അസാധാരണമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ സമീപിക്കണം.
എപ്പോൾ വൈദ്യസഹായം തേടണം?
വേദനയില്ലെങ്കിലും സ്തനത്തിൽ പുതിയ മുഴയോ അസാധാരണമായ മാറ്റമോ കണ്ടാൽ വൈദ്യപരിശോധന വൈകിക്കരുത്. പരിശോധനയുടെ അടിസ്ഥാനത്തിൽ അൾട്രാസൗണ്ട്, മാമോഗ്രാം, ബയോപ്സി തുടങ്ങിയ പരിശോധനകൾ ഡോക്ടർ നിർദേശിച്ചേക്കാം.
സ്തനാർബുദം നേരത്തേ കണ്ടെത്താൻ കഴിയുന്നത് ചികിത്സയ്ക്ക് ഏറെ സഹായകരമാണ്. സ്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവതികളായിരിക്കുക, സംശയകരമായ ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക, പ്രായത്തിനും വ്യക്തിഗത അപകടസാധ്യതയ്ക്കും അനുയോജ്യമായ പരിശോധനകൾ നടത്തുക എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





