09
Oct 2026
Fri
09 Oct 2026 Fri
ex priest arrested for stealing gold from temple

ഇടുക്കി: ക്ഷേത്രത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയതിനെത്തുടർന്ന് സ്വന്തം കൃഷിയിടം വിറ്റ് 60 ഗ്രാം സ്വർണം വാങ്ങിനൽകിയ ക്ഷേത്രം സെക്രട്ടറിയുടെ നടപടിക്ക് പിന്നാലെ കേസിൽ നിർണായക വഴിത്തിരിവ്. പഴയ കൊച്ചറ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ സ്വർണമോഷണക്കേസിൽ മുൻ പൂജാരിയെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം എഴുകോൺ നെടുവത്തൂർ അമ്പലത്തുംകാല സ്വദേശി കെ.യു. മിഥുനാണ് പിടിയിലായത്.അറസ്റ്റിലായ മിഥുനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷേത്രത്തിലെ ഓഫീസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 59 ഗ്രാം സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ജനുവരിയിലായിരുന്നു സംഭവം. ഫെബ്രുവരി 16-ന് ക്ഷേത്രാവശ്യത്തിനായി സ്വർണം എടുക്കാൻ അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെട്ടത്. താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണം എടുത്തശേഷം വീണ്ടും പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം.

തുടർന്ന് ഭരണസമിതി വണ്ടൻമേട് പൊലീസിൽ പരാതി നൽകി. മോഷണം നടന്നതും അലമാര താക്കോൽ ഉപയോഗിച്ച് തുറന്നതും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ സംഭവത്തിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് ക്ഷേത്രം സെക്രട്ടറിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സെക്രട്ടറി സ്വന്തം കൃഷിയിടം വിറ്റ് 60 ഗ്രാം സ്വർണം വാങ്ങി ക്ഷേത്രത്തിന് നൽകിയത്.

മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മിഥുനെ പൊലീസ് പിടികൂടിയത്. ജനുവരി ആറു മുതൽ 18 വരെ ഇയാൾ ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലാണ് അലമാരയുടെ താക്കോൽ ഉപയോഗിച്ച് സ്വർണം മോഷ്ടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മോഷ്ടിച്ച സ്വർണത്തിന്റെ ഒരു ഭാഗം വിവിധ സ്വർണക്കടകളിൽ വിൽക്കുകയും പകരം പുതിയ സ്വർണം വാങ്ങുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്ന മിഥുനെ കുണ്ടറ മഹാവിഷ്ണു ക്ഷേത്രത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമ്മയ്ക്ക് ശസ്ത്രക്രിയയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പഴയ കൊച്ചറ ക്ഷേത്രത്തിലെ ജോലി അവസാനിപ്പിച്ച് പോയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക