വിദ്യാർഥിനിയുടെ ബാഗിൽ മൂത്രമൊഴിച്ച അമേരിക്കയിലെ കോളജ് പ്രഫസർക്കെതിരെ ക്രിമിനൽ കേസ്. മിനസോട്ടയിലെ സെന്റ് പോളിലുള്ള മക്കാലെസ്റ്റർ കോളേജിലെ 55 വയസ്സുകാരനായ ബയോളജി പ്രഫസർ പോൾ ഫിഷറിനെതിരെയാണ് കേസെടുത്തത്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും 10,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
|
2025 ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. കോളജിലെ ഒലിൻ-റൈസ് സയൻസ് സെന്ററിൽ പഠനത്തിനായി എത്തിയ വിദ്യാർഥിനി കുറച്ചുസമയം മാറിനിന്നശേഷം തിരിച്ചെത്തിയപ്പോൾ ബാഗ് നനഞ്ഞ നിലയിലും മൂത്രത്തിന്റെ ഗന്ധത്തോടെയും കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് സമീപത്ത് ഫിഷർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിദ്യാർഥിനിയുടെ സംശയം. തുടർന്ന് അധികൃതരെ സമീപിച്ച വിദ്യാർഥിനി, ഏകദേശം 2,000 ഡോളറിന്റെ നാശനഷ്ടമുണ്ടായതായി വ്യക്തമാക്കുന്ന രേഖകളും സമർപ്പിച്ചു.
സമാനമായ ആറ് സംഭവങ്ങൾ കൂടി കണ്ടെത്തി
പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോളജിലെ സയൻസ് സെന്ററിൽ വിവിധ സ്ഥലങ്ങളിൽ മൂത്രം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നേരത്തെയും ആറ് പരാതികൾ ലഭിച്ചിരുന്നതായി വ്യക്തമായത്. ചവറ്റുകുട്ടകൾ, വെള്ളക്കുപ്പികൾ, മറ്റ് പ്രഫസർമാരുടെ അലങ്കാരവസ്തുക്കൾ എന്നിവിടങ്ങളിൽ മൂത്രം കണ്ടെത്തിയ സംഭവങ്ങളും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി കപ്പുകളിൽ മൂത്രമൊഴിച്ചശേഷം അത് ക്യാമ്പസിലെ ചവറ്റുകുട്ടകളിലോ ലബോറട്ടറി സിങ്കുകളിലോ ഒഴിച്ചുകളയുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഫിഷർ സമ്മതിച്ചതായാണ് കോടതി രേഖകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഓഫിസിന് സമീപം ഒരു കപ്പ് മൂത്രം ഒഴിച്ചുകളയുന്നതിനിടെ അബദ്ധത്തിൽ വിദ്യാർഥിനിയുടെ ബാഗിൽ വീണതാകാമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണത്തിനിടെ രാജിവച്ചു
25 വർഷത്തിലേറെയായി മക്കാലെസ്റ്റർ കോളജിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്ന ഫിഷർ, 2025–26 അധ്യയനവർഷത്തിനിടെ ജോലി അവസാനിപ്പിച്ചതായി കോളജ് സ്ഥിരീകരിച്ചു. സംഭവങ്ങളെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെ അദ്ദേഹം രാജിവച്ചതായാണ് ക്രിമിനൽ പരാതിയിലെ വിവരം. കേസിൽ ഫിഷർ നവംബർ ആദ്യം കോടതിയിൽ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമേ നിയമപരമായ ശിക്ഷ ലഭിക്കുകയുള്ളൂ.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




