12
Oct 2026
Mon
12 Oct 2026 Mon

വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കാമുകിയെ വെള്ളച്ചാട്ടത്തിൽനിന്ന് 1000 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്. മഹാരാഷ്ട്രയിലെ കോലാപുരിലാണ് സംഭവം. ശ്രിപാദ് ദിങ്കർ വഡാർ (25) ആണ് കാമുകിയായ തരണും ബഷീർ നായിക്കിനെ (23) കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഔട്ടിങ്ങിനെന്ന വ്യാജേന ശ്രിപാദ് തരണുമിനെ കോലാപുരിലെ ഭുഡർഗഡ് താലൂക്കിലുള്ള നായ്ക്‌വാടി വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോയി. അടുത്ത മാസം മറ്റൊരാളുമായുള്ള വിവാഹം നിശ്ചയിച്ചിട്ടുണ്ടെന്നും നിലവിലെ ബന്ധം തുടരാനാകില്ലെന്നും തരണും അറിയിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.

എൻജിനീയറിങ് വിദ്യാർഥിനിയായ തരണും തീരുമാനത്തിൽ ഉറച്ചുനിന്നതോടെ പ്രകോപിതനായ ശ്രിപാദ് യുവതിയെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു.

സംഭവം അപകടമായി ചിത്രീകരിക്കാനും പ്രതി ശ്രമിച്ചു. ഒക്ടോബർ 10ന് ഭുഡർഗഡ് പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ, ഇരുവരും സെൽഫിയെടുക്കുന്നതിനിടെ തരണും കാൽവഴുതി താഴേക്ക് വീണതാണെന്ന് മൊഴി നൽകി. എന്നാൽ മൊഴിയിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

ഏകദേശം 1000 അടി താഴ്ചയിൽനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി കോലാപുരിലെ സിപിആർ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് കൈമാറി.

ഗാർഗോട്ടിയിലെ ശിവാജിനഗറിൽ താമസിച്ചിരുന്ന ശ്രിപാദും തരണും അഞ്ചുവർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ ഒൻപത് രാവിലെ ശ്രിപാദിനൊപ്പം വെള്ളച്ചാട്ടത്തിലേക്ക് പോയതിനുശേഷമാണ് തരണുമിനെ കാണാതായത്.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് പ്രതിഷേധവും രോഷവും ഉയർന്നിട്ടുണ്ട്. പ്രതിക്ക് ഒരു രാഷ്ട്രീയ നേതാവുമായി അടുത്ത ബന്ധമുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. രാഷ്ട്രീയ സമ്മർദങ്ങളില്ലാതെ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഗ്രാമീണ മേഖലയിലെ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കേസ് അതിവേഗ കോടതിയിൽ പരിഗണിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ:ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക