ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 11 പേർ മരിച്ചു. ബിഹാറിലെ വൈശാലി ജില്ലയിൽ രാഘോപൂർ മേഖലയിലാണ് ചൊവ്വാഴ്ച അപകടമുണ്ടായത്. വിരുന്നിൽ പങ്കെടുക്കാൻ പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ 15 മുതൽ 20 വരെ ആളുകളുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
|
അപകടവിവരമറിഞ്ഞ് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നദിയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ അധികൃതരെ സഹായിക്കുന്നുണ്ട്.
അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന് പ്രദേശത്ത് ആശങ്കയും ദുഃഖവും പടർന്നു. രക്ഷാപ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വേഗത്തിലാക്കാൻ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത അതീവ ഹൃദയഭേദകമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ദുഃഖത്തിലായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതായും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
രാഘോപൂർ ദിയാര മേഖലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മുങ്ങിമരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും പറഞ്ഞു. പ്രദേശവാസികളുമായും ഭരണകൂട ഉദ്യോഗസ്ഥരുമായും സംസാരിച്ചശേഷം രക്ഷാപ്രവർത്തനവും ചികിത്സാ നടപടികളും വേഗത്തിലാക്കാൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ദുഃഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി
വൈശാലി ജില്ലയിൽ ഗംഗാ നദിയിലുണ്ടായ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും രംഗത്തെത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഈ ദുരന്തം താങ്ങാനുള്ള ശക്തി ലഭിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അപകടത്തിൽ കാണാതായവരുടെ സുരക്ഷയ്ക്കായും പ്രാർഥിക്കുന്നതായി അദ്ദേഹം അറിയിച്ചു.
അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
ALSO READ:ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്; പഞ്ചാബിൽ ലഹരിവിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





