16
Oct 2026
Fri
16 Oct 2026 Fri
death

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്തിന് സമീപം വണ്ടിത്തടത്ത് അതീവ ദാരുണമായ സംഭവം. വീട്ടില്‍ കുഴഞ്ഞുവീണ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കാനെത്തിയ അയല്‍വാസി കുഴഞ്ഞുവീണ് മരിച്ചു. വണ്ടിത്തടം കുരിശടിക്കു സമീപം ഇടറോഡില്‍ താമസിക്കുന്ന സുരേഷ് (44), അയല്‍വാസിയായ അജി (52) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യം സുരേഷ്, പിന്നാലെ അജിയും കുഴഞ്ഞുവീണു

ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. വൈകിട്ട് ശുചിമുറിയില്‍ പോയ സുരേഷിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് ഭാര്യ അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. പ്രധാന റോഡിലേക്ക് എത്താന്‍ ഏകദേശം 150 മീറ്ററോളം ദൂരമുള്ളതിനാല്‍, വിവരമറിഞ്ഞെത്തിയ അയല്‍വാസികള്‍ ചേര്‍ന്ന് സുരേഷിനെ താങ്ങി ആംബുലന്‍സിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സുരേഷിനെ ആംബുലന്‍സിനടുത്ത് എത്തിക്കുന്നതിനിടയിലാണ് സഹായിക്കാന്‍ കൂടെയുണ്ടായിരുന്ന അജി പെട്ടെന്ന് അവശനായി കുഴഞ്ഞുവീണത്. തുടര്‍ന്ന് രണ്ടുപേരെയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേ ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു.

അന്വേഷണം ആരംഭിച്ച് പൊലീസ്

നഗരത്തിലെ ഒരു ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് മരണപ്പെട്ട സുരേഷ്. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ഇരുവരും ബന്ധുക്കളുമാണ്. പെട്ടെന്നുണ്ടായ ഈ ഇരട്ടമരണത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ കോവളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Tags: Thiruvananthapuram Kovalam News, Vandithadam Suresh Aji Death, Kerala Crime News Malayalam, Vizhinjam Police Station News, Local News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക