ഇടുക്കി പൂപ്പാറയിൽ 18കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ 19കാരനായ മുൻ കാമുകൻ അറസ്റ്റിൽ. തമിഴ്നാട് ബോഡിനായ്ക്കന്നൂർ പരമശിവം കോവിൽ സ്ട്രീറ്റ് സ്വദേശിനി നിത്യയാണ് കൊല്ലപ്പെട്ടത്. രാജാകുമാരി വട്ടപ്പാറ ബി ഡിവിഷൻ സ്വദേശിയായ നിഷാന്താണ് അറസ്റ്റിലായത്.
|
2023ൽ ആരംഭിച്ച ഇരുവരുടെയും പ്രണയബന്ധം പിന്നീട് തകർന്നിരുന്നു. ബന്ധത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന നിഷാന്ത് നിത്യയെ പൂപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഒക്ടോബർ 11ന് ഉച്ചയ്ക്ക് 2.30ഓടെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ ഇരുവരും കണ്ടുമുട്ടി. സംസാരത്തിനിടെ തർക്കമുണ്ടായതോടെ നിഷാന്ത് നിത്യയെ കഴുത്തുഞെരിച്ചും കല്ലുകൊണ്ട് പലതവണ തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
മൃതദേഹം അണക്കെട്ട് പ്രദേശത്ത് എത്തിച്ചത് ഓട്ടോറിക്ഷയിൽ കയറ്റി
കൊലപാതകത്തിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാനായി പ്രതി മൃതദേഹം മാറ്റിയെന്നാണ് പൊലീസ് പറയുന്നത്. രാത്രി പത്തുമണിക്ക് ശേഷം നിത്യയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി പാമ്പ്ല അണക്കെട്ട് പ്രദേശത്തേക്ക് കൊണ്ടുപോയി. നേരത്തെ കരുതിയിരുന്ന പെട്രോൾ മൃതദേഹത്തിൽ ഒഴിച്ച് തീകൊളുത്തിയതായും അന്വേഷണസംഘം പറയുന്നു.
അണക്കെട്ടിന് സമീപത്തുനിന്ന് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ
കൊലപാതകത്തിന് ശേഷം നിഷാന്ത് മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജകുമാരി മേഖലയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




