തിരൂർ: വൈക്കം മുഹമ്മദ് ബഷീറിനോളം ലളിതമായി മലയാളത്തിൽ നോവലുകൾ ആവിഷ്കരിച്ച എഴുത്തുകാരനാണ് അമ്മാർ കിഴുപറമ്പെന്ന് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ. സൗഹൃദവേദി തിരൂരിന്റെ നോവൽ പുരസ്കാരം അമ്മാർ കിഴുപറമ്പിന്റെ ഇഖാമ എന്ന നോവലിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
പ്രവാസികളുടെ ജീവിതം യാഥാർഥ്യബോധത്തോടെ ആവിഷ്കരിച്ച നോവലാണ് ഇഖാമയെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. അമ്മാർ കിഴുപറമ്പിനെ മലയാള സാഹിത്യലോകം ഇനിയും തിരിച്ചറിയേണ്ടതുണ്ട്. നെടുവീർപ്പുകളില്ലാതെ ഈ നോവൽ വായിച്ചുതീർക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രവാസത്തിന്റെ കണ്ണീരിൽ കുതിർന്ന യഥാർഥ ചിത്രങ്ങളാണ് നോവൽ വരച്ചുകാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇഖാമ മലയാളിയുടെ മനസ്സിനെ പിടിച്ചുലയ്ക്കുമെന്നും പത്തേമാരി, ആടുജീവിതം എന്നീ കൃതികൾക്കൊപ്പമാണ് ഈ നോവലിന്റെ സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗഹൃദവേദി തിരൂർ പ്രസിഡന്റ് കെ.പി.ഒ. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. പ്രവാസി സാഹിത്യകാരൻ സത്യജിത്ത് വാരിയത്ത്, സെക്രട്ടറി കെ.കെ. റസാഖ് ഹാജി, മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ, ന്യൂസ് ടാഗ് ലൈവ് മാനേജിങ് എഡിറ്റർ പി. അഹമ്മദ് ശരീഫ്, മലയാളം ന്യൂസ് മുൻ ദമാം ബ്യൂറോ ചീഫ് പി.എ.എം. ഹാരിസ്, മലയാളം സർവകലാശാല ചരിത്രവിഭാഗം പ്രൊഫസർ ഡോ. മഞ്ജുഷ ആർ. വർമ്മ, ഗായകൻ ഫിറോസ് ബാബു, അഡ്വ. വിക്രംകുമാർ, കൈനിക്കര അബ്ദുൽ ഖാദർ, പ്രതീപ് പയ്യോളി, ഗഫൂർ കുറുമാടൻ, എഴുത്തുകാരൻ ഫിറോസ് ഖാൻ പരപ്പനങ്ങാടി, ലത്തീഫ് കുറ്റിപ്പുറം, ദേവൻ കെ. പുരം, സാഗർ അബ്ദുള്ള, ടി.കെ. ആറ്റക്കോയ, കെ.പി. ഫസൽ, മുനീർ കുറുമ്പടി എന്നിവർ സംസാരിച്ചു.
തിരൂർ സ്കൂൾ ഓഫ് ഫൈനാർട്സിലെ വിദ്യാർഥികളായ ഡോ. ഗോപിക, അനുശ്രീ, തസ്നിയ എന്നിവർ തത്സമയം വരച്ച ഇഖാമ നോവലിനെ ആസ്പദമാക്കിയുള്ള കാലിഗ്രാഫിക് ചിത്രങ്ങൾ നോവലിസ്റ്റ് അമ്മാർ കിഴുപറമ്പിന് കൈമാറി.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





