18
Oct 2026
Sun
18 Oct 2026 Sun

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സ്വത്ത് തർക്കത്തെത്തുടർന്ന് പിതാവ് നൂഡിൽസിൽ വിഷം കലർത്തിയതാകാമെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹേഷ് (37), ഭാര്യ ലളിത (35), മകൾ മിഷ്ടി (7), മക്കളായ ലഡ്ഡു (11), സാക്ഷത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ എട്ടോടെ നഗ്ല ശ്രീ പദം ഗ്രാമത്തിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക മേളയിൽ പങ്കെടുത്ത് രാത്രി പത്തോടെയാണ് കുടുംബം വീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് അത്താഴത്തിന് നൂഡിൽസ് കഴിച്ചതായാണ് വിവരം. ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയാണെന്നായിരുന്നു പൊലീസിന്റെ സംശയം. എന്നാൽ, നൂഡിൽസിൽ മഹേഷ് വിഷം കലർത്തിയതാകാമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

മഹേഷിന്റെ ഫോണിൽനിന്ന് ലഭിച്ച ഓഡിയോ സന്ദേശത്തിൽ കുടുംബത്തിലെ മരണങ്ങൾക്ക് തന്റെ രണ്ട് സഹോദരിമാരെയും ഒരു സഹോദരീഭർത്താവിനെയും കുറ്റപ്പെടുത്തുന്നുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.

കുടുംബസ്വത്ത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി തർക്കം നിലനിന്നിരുന്നതായി മഹേഷിന്റെ ബന്ധുവായ നീരജ് എൻഡിടിവിയോട് പറഞ്ഞു. ഭർത്താവിന്റെ മരണശേഷം തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും പിന്നീട് കുടുംബം ഒരുമിച്ച് കഴിയുമെന്ന് മഹേഷ് ഉറപ്പുനൽകിയിരുന്നുവെന്നും അവർ ആരോപിച്ചു.

സംഭവസ്ഥലം പരിശോധിച്ച ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സാധാരണ ഭക്ഷ്യവിഷബാധയേക്കാൾ വിഷം കലർത്തിയതാകാമെന്ന സംശയമാണ് പ്രകടിപ്പിച്ചത്. സ്ഥലത്തുനിന്ന് ലഭിച്ച ഭക്ഷണപ്പൊതികളും മറ്റ് വസ്തുക്കളും പരിശോധിച്ചെങ്കിലും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ ഒ.പി. സിങ് പറഞ്ഞു.

മരിച്ചവർക്ക് ഛർദിയോ വയറിളക്കമോ ഉണ്ടായതായി വിവരമില്ലെന്നും ഒരു കുട്ടിയുടെ വായിൽനിന്ന് പത വന്നതായി നാട്ടുകാർ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. മരണങ്ങളുടെ കൃത്യമായ കാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അന്വേഷണഫലത്തെ ആശ്രയിച്ചിരിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക