പള്ളിയിൽ കുർബാന നടത്തുന്നതിനിടെ ഭീമൻ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം. ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള നുവെസ്ട്ര സെന്യോറ ഡെൽ പെർപെതുവോ സൊക്കോറോ പള്ളിയിൽ ശനിയാഴ്ചയാണ് (ഒക്ടോബർ 17) അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പള്ളിയിലെ തത്സമയ സംപ്രേഷണത്തിൽ പതിഞ്ഞു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
|
പള്ളിയിലെ വികാരിയായ ഫാദർ പട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. അൾത്താരയ്ക്ക് സമീപം നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് കുർബാന നടത്തുന്നതിനിടെയാണ് പിന്നിലെ ചുമരിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് അപ്രതീക്ഷിതമായി അടർന്നുവീണത്. കുരിശ് വൈദികന്റെ ദേഹത്തേക്ക് പതിച്ചതോടെ അദ്ദേഹം കാഴ്ചയിൽനിന്ന് മറയുന്നതും കുരിശ് അൾത്താരയുടെ ഭാഗത്ത് വീണുകിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ വൈദികൻ മരിച്ചതായി ഗ്വായാക്വിൽ അതിരൂപത ഞായറാഴ്ച സ്ഥിരീകരിച്ചു. ഫാദർ പട്രീഷ്യോ സാഞ്ചസ് മൊളിനാരിയുടെ വിയോഗത്തിൽ അതിരൂപത അനുശോചനം രേഖപ്പെടുത്തി. വിശ്വാസികൾക്കായി സേവനം ചെയ്ത പ്രിയപ്പെട്ട വൈദികൻ ദൈവസന്നിധിയിലേക്ക് യാത്രയായെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർഥിച്ചു.
റിഡംപ്റ്ററിസ്റ്റ് സഭാംഗം കൂടിയായിരുന്ന ഫാദർ സാഞ്ചസ് മൊളിനാരി, ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് പള്ളിയിൽ വികാരിയായാണ് സേവനമനുഷ്ഠിച്ചിരുന്നത്.
കുരിശ് എങ്ങനെ അടർന്നുവീണുവെന്നും അപകടത്തിന് പിന്നിൽ സുരക്ഷാവീഴ്ചയുണ്ടോയെന്നും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





