ജിദ്ദ: സ്തനാർബുദ ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി പിങ്ക് നിറങ്ങളാൽ അലങ്കരിച്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്. എസ്) വനിതാ വിഭാഗവും ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത് ശ്രദ്ധേയമായി.
|
തിരുവനന്തപുരം സ്വദേശി സംഗമം പ്രസിഡന്റ് ഷബീർ സുബൈറുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങ് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയും ഭാര്യ ഫഹ്മിന ഖാത്തൂനും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾ എന്നും അഭിമാനകരവും അഭിനന്ദനാർഹവുമാണെന്ന് കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി പറഞ്ഞു. ഇത്തരം ബോധവൽക്കരണ പരിപാടികളിലൂടെയും പരസ്പര സഹായസഹകരണങ്ങളിലൂടെയും പ്രവാസി സമൂഹത്തിൽ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്താനും ആരോഗ്യസംരക്ഷണ മേഖലയിൽ ക്രിയാത്മകമായ സംഭാവനകൾ നൽകാനും ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് ജിദ്ദയിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റൽ ലണ്ടനിലെ ഓങ്കോളജിസ്റ്റും പ്രമുഖ കാൻസർ രോഗവിദഗ്ധനുമായ ഡോ. ഇക്ബാൽ ഹുസൈൻ മണിയാർ സ്തനാർബുദ ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി. സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം, രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ആധുനിക ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ജനറൽ ഫിസിഷ്യൻ ഡോ. ഇന്ദു ചന്ദ്രശേഖരൻ
ഡോ. ഷമീ ഷബീർ, എന്നിവരും സ്തനാർബുദ ബോധവൽക്കരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു. സ്ത്രീകൾക്കിടയിൽ ആരോഗ്യപരമായ അവബോധം വളർത്തേണ്ടതിന്റെയും കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തേണ്ടതിന്റെയും
സ്വയം പരിശോധന എങ്ങനെചെയ്യണമെന്ന് ഡോക്ടർമാർ വിശദീകരിച്ചു.
കാൻസറിനെ അതിജീവിച്ച പ്യാരി ടീച്ചർ തന്റെ ജീവിതാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചത് പരിപാടിയിലെ ഹൃദയസ്പർശിയായ നിമിഷമായി. രോഗത്തെ നേരിട്ട അനുഭവങ്ങളും അതിജീവനത്തിന്റെ വഴികളും പങ്കുവെച്ച അവരുടെ വാക്കുകൾ സദസ്സിന് ആത്മവിശ്വാസവും പ്രചോദനവും പകർന്നു.
ഫിനോം അക്കാദമി അവതരിപ്പിച്ച കാൻസർ ബോധവൽക്കരണ സ്കിറ്റ് പരിപാടിയുടെ മറ്റൊരു ആകർഷണമായി.ആമിന ബിജു , മിൻസ ഫാത്തിമ, അസ്ന ബിജു എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു . ടി എസ്സ്എസ്സ് വനിതാ വിഭാഗം കൺവീനർ ഷൈമ നജീബ് സ്വാഗതവും ജോയിന്റ് കൺവീനർ നസ്സ്വി ഫൈനൂസ് നന്ദിയും രേഖപ്പെടുത്തി.
ജിദ്ദയിലെ വിവിധ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും തിരുവനന്തപുരം സ്വദേശി സംഗമം (ടിഎസ്എസ്) അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ടിഎസ്എസ് വനിതാ വിഭാഗം അംഗങ്ങൾ പരിപാടിയുടെ സംഘാടനത്തിനും നിയന്ത്രണത്തിനും നേതൃത്വം നൽകി.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




