ജിദ്ദ: വൃദ്ധസദനങ്ങളുടെ വർധനയും വയോധികർ സ്വന്തം മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യവും പ്രവാചകമൂല്യങ്ങളുടെ ശോഷണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോ. പി.എം.എ. വഹാബ് പറഞ്ഞു. ജപ്പാനിൽ ഏകാന്തതയിൽ കഴിയുന്നതിനിടെ മരണപ്പെടുന്നവരെ വിശേഷിപ്പിക്കുന്ന ‘കൊഡോകുഷി’ (Kodokushi) പ്രതിഭാസവും അദ്ദേഹം പരാമർശിച്ചു. സ്വന്തം വീടുകളിൽ ഏകാന്തത അനുഭവിച്ച് 76,000-ത്തിലധികം വയോധികർ മരണപ്പെട്ട സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
കുട്ടികൾക്ക് ചെറുപ്പം മുതൽ ധാർമികബോധം പകർന്നുനൽകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ മദ്രസാ വിദ്യാഭ്യാസത്തോടുള്ള താൽപര്യം കുറയുന്ന സാഹചര്യമുണ്ട്. പല രക്ഷിതാക്കൾക്കും കുട്ടികളെ മദ്രസകളിൽ പഠിപ്പിക്കുന്നതിൽ വേണ്ടത്ര താൽപര്യമില്ല. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ പഠനസമയവും പലപ്പോഴും ഇതിന് തടസ്സമാകുന്നു. മതബോധമില്ലാതെ കുട്ടികൾ വളരുന്നത് സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തുടർന്ന്, ‘നബി (സ)യുടെ ആരാധനാജീവിതം’ എന്ന വിഷയത്തിൽ തൻസീർ സ്വലാഹി പ്രഭാഷണം നടത്തി. മാനവരിൽ മഹോന്നതനായ പ്രവാചകൻ ജീവിതാവസാനംവരെ സ്രഷ്ടാവിനോട് നന്ദി കാണിച്ച വ്യക്തിയായിരുന്നുവെന്നും അനുയായികളെയും സ്രഷ്ടാവിനോട് നന്ദിയുള്ളവരായി ജീവിക്കാൻ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നന്ദി പ്രകടിപ്പിക്കുന്നവർക്ക് അനുഗ്രഹങ്ങൾ വർധിപ്പിച്ചുനൽകുമെന്നും ഉപജീവനത്തിൽ വിശാലത നൽകുമെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകന്റെ ആരാധനാകർമങ്ങളിൽ സമൂഹത്തിന് മാതൃകയാക്കാവുന്ന ജീവിതപാഠങ്ങൾ അടങ്ങിയിരുന്നുവെന്നും തൻസീർ സ്വലാഹി വിശദീകരിച്ചു.
സുഖവും ദുഃഖവും മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. പ്രയാസങ്ങൾ നേരിടുമ്പോൾ നമസ്കാരം വർധിപ്പിച്ചും സ്രഷ്ടാവിനോട് പ്രാർഥിച്ചും അവയെ അതിജീവിക്കണം. അതേസമയം, ജീവിതത്തിൽ സുഖങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമ്പോൾ അവയിൽ മതിമറക്കാതെ സ്രഷ്ടാവിനോട് നന്ദിയുള്ളവരായി ജീവിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി.
പരിപാടിയിൽ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി നന്ദിയും പറഞ്ഞു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





