കൊച്ചി: കൊച്ചി എറണാകുളം മാര്‍ക്കറ്റ് റോഡിലെ പുരാതനമായ കടവുഭാഗം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസ് എന്‍ഐഎ ഏറ്റെടുത്തു. കേസിലെ പ്രതിയായ വടയമ്പാടി സ്വദേശി എബിന് പി. പോള്‍ (32) നെതിരേ ഭീകര പ്രവര്‍ത്തന വിരുദ്ധ നിയമമായ യുഎപിഎ ചുമത്തി. കേസില്‍ അന്താരാഷ്ട്ര ഭീകര ബന്ധം സംശയിക്കുന്നതായി പോലീസ് സൂചന നല്‍കിയതിനെ തുടര്‍ന്ന് എന്‍ഐഎ എത്തി പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് കേസ് ഏറ്റെടുക്കാനും യുഎപിഎ ചുമത്താനും തീരുമാനിച്ചത്.
|
അതിനിടെ എബിന് പി. പോള്‍ നല്കിയ മൊഴികളിലെ സത്യസന്ധത ഉറപ്പുവരുത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം പൂനെയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതി മുന്‍പ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് പഠിക്കുകയും താമസിക്കുകയും ചെയ്ത പൂനെയിലെ വിവരങ്ങളും ഇയാളുടെ ഡിജിറ്റല്‍ ബന്ധങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
തനിക്ക് കൃത്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്കിയതും സാമ്പത്തിക സഹായം നല്കിയതും ‘വിക്രം’ അല്ലെങ്കില്‍ ‘ബോസ്’ എന്ന് വിളിക്കുന്ന അജ്ഞാതനാണെന്നാണ് എബിന് പോള്‍ അവകാശപ്പെടുന്നത്.
ഡിജിറ്റല്‍ ഹാന്‍ഡ്ലറും ക്രിപ്റ്റോ ഇടപാടുകളും
എബിന് പോളിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ടെലഗ്രാം, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ വഴിയാണ് തനിക്ക് ‘ഫയര്‍ ഇന്‍സിഡന്റുകള്‍’ നടത്താന്‍ നിര്‍ദ്ദേശം ലഭിച്ചതെന്നും, കൃത്യം ചെയ്തതിന് തെളിവായി മൊബൈലില്‍ വീഡിയോ പകര്‍ത്തി അയച്ചുകൊടുത്തതോടെ ക്രിപ്റ്റോ കറന്‍സി വഴി പണം ലഭിച്ചെന്നുമാണ് പ്രതിയുടെ പ്രാഥമിക മൊഴി.
എന്നാല്‍, പിടിയിലായാല്‍ രക്ഷപ്പെടാന്‍ ക്രിമിനലുകള്‍ സാധാരണ ഉപയോഗിക്കാറുള്ള ‘വ്യാജ ഹാന്ഡ്ലര്’ തന്ത്രമാണോ ഇതെന്ന് പോലീസ് സംശയിക്കുന്നു. വിദേശ ടെറര്‍ നെറ്റ്വര്‍ക്കുകളോ അധോലോക സംഘങ്ങളോ ആണോ ഇതിന് പിന്നില്‍ എന്ന് ഇന്റലിജന്‍്സ് ഏജന്‍സികള്‍ സംശയിക്കന്നുണ്ട്. ശാസ്ത്രീയ ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ ആശയവിനിമയത്തിന്റെയും സാമ്പത്തിക സ്രോതസ്സിന്റെയും യഥാര്‍ത്ഥ ചിത്രങ്ങള്‍ ലഭിക്കൂ.
തുടര്‍ച്ചയായ തീവെപ്പുകള്‍; ‘കഴിവ് തെളിയിക്കാന്‍’ നടത്തിയ കുറ്റകൃത്യങ്ങള്‍?
ജൂതപ്പള്ളിക്ക് മുന്നിലെ തൈക്കൂട്ടങ്ങള്ക്ക് തീയിട്ട സംഭവത്തിന് പുറമെ, മുന്‍പും പ്രതി സമാന കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതായി തെളിവെടുപ്പില്‍ പോലീസ് കണ്ടെത്തി.
മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാര്‍ ഷോറൂമിന് തീയിട്ടത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ഹാന്‍ഡ്ലറുടെ മുന്നില്‍ തന്റെ ‘കഴിവ് തെളിയിക്കാനാണ്’ ഈ ആക്രമണം നടത്തിയതെന്നാണ് പ്രതി പറയുന്നത്.
ഇതിന് പുറമെ തൃപ്പൂണിത്തുറയിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടിന് തീയിട്ടതും ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതിയുടെ വടയമ്പാടിയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 105 ഗ്രാം രാസലഹരി (MDMA) കണ്ടെടുത്തത് സംഭവത്തിലെ ലഹരി മാഫിയാ ബന്ധത്തിലേക്കും വിരല്‍ ചൂണ്ടുന്നു.
പൂനെയിലെ അന്വേഷണവും തുടര്‍നടപടികളും
നേരത്തെ വന്‍കിട നഗരങ്ങളില്‍ ഡിസൈനിംഗ് പഠിച്ചിരുന്ന എബിന് പോള്‍, പിന്നീട് വീട്ടില്‍ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനായിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയിലും ഡാര്‍ക്ക് വെബ്ബ് പ്ലാറ്റ്ഫോമുകളിലും സജീവമായിരുന്നു. പൂനെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇയാള്‍ താമസിച്ചിരുന്ന ഇടങ്ങളിലും അന്വേഷണ സംഘം നേരിട്ടെത്തി സഹപാഠികളെയും പരിചയക്കാരെയും ചോദ്യം ചെയ്യും.
മതസൗഹാര്‍ദ്ദം തകര്‍ക്കാനും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനും നടത്തിയ പ്ലാന്‍ ചെയ്ത ഗൂഢാലോചനയാണോ ഇതെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്.
Tags: NIA Takes Over Synagogue Arson Case, Kadavumbhagam Synagogue Fire NIA, Ebin Paul UAPA Case, Kerala Crime News NIA, Kochi Synagogue Attack Investigation, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





