ഡൽഹിയിലെ കൃഷ്ണ നഗർ മേഖലയിൽ സ്കൂളിനുള്ളിൽ തീകൊളുത്തിയ 19കാരിയായ പ്ലസ് ടു വിദ്യാർഥിനി മരിച്ചു. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
|
സർവോദയ കന്യാ വിദ്യാലയത്തിലെ ഗാർഡ് റൂമിന് പിന്നിലാണ് കത്തിക്കരിഞ്ഞ നിലയിൽ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
പ്രാഥമിക അന്വേഷണത്തിനിടെ വിദ്യാർഥിനിയുടെ സ്കൂൾ ബാഗിൽനിന്ന് മൂന്ന് കുറിപ്പുകൾ കണ്ടെത്തി. ബാഗിൽ സംശയാസ്പദമായ ചില വസ്തുക്കളും കണ്ടെത്തിയതായി അധ്യാപകർ അറിയിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇവ എന്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിന് പിന്നിൽ പ്രണയബന്ധവുമായി ബന്ധപ്പെട്ട കാരണങ്ങളുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നാണ് റിപ്പോർട്ട്. വിദ്യാർഥിനി സന്തോഷത്തോടെയും പുഞ്ചിരിച്ചുകൊണ്ടുമാണ് സ്കൂളിലേക്ക് പോയതെന്ന് സഹോദരി പറഞ്ഞു. ഉച്ചയ്ക്ക് 1.40ഓടെയാണ് സ്കൂളിൽനിന്ന് കുടുംബത്തിന് ഫോൺ ലഭിച്ചതെന്നും അവർ വ്യക്തമാക്കി.
സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കാൻ ക്രൈം ടീം പരിശോധന നടത്തി. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു. വിദ്യാർഥിനിയുടെ മരണത്തെത്തുടർന്ന് സ്കൂൾ അധികൃതരും സഹപാഠികളും ദുഃഖത്തിലാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



