23
Oct 2026
Fri
23 Oct 2026 Fri
Tesla In Full Self-Driving Mode Hits And Kills Elderly Man

അമേരിക്കയിലെ കാലിഫോർണിയയിൽ സെൽഫ് ഡ്രൈവിങ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ടെസ്‌ല കാർ ഇടിച്ച് 71കാരന് ദാരുണാന്ത്യം. മണിക്കൂറിൽ 112 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാറിടിച്ചാണ് അപകടം. ഒക്ടോബർ 22ന് പുലർച്ചെയായിരുന്നു സംഭവം. വല്ലെജോയിലെ ഇന്റർസ്റ്റേറ്റ് 80 ഹൈവേയിൽ I-780 ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വലതുവശത്തുനിന്ന് മധ്യഭാഗത്തെ ഡിവൈഡറിലേക്ക് നടക്കുകയായിരുന്ന വയോധികൻ ടെസ്‌ലയുടെ പാതയിലേക്ക് കടന്നതോടെയാണ് അപകടമുണ്ടായതെന്ന് കാലിഫോർണിയ ഹൈവേ പട്രോൾ അറിയിച്ചു. സാൻ ഫ്രാൻസിസ്കോ സ്വദേശിയായ 26കാരനായിരുന്നു കാർ ഓടിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും കാറിന്റെ മുൻവശത്തെ വലതുഭാഗം വയോധികനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ അനങ്ങാതെ കിടന്ന ഇയാളുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ മറ്റൊരു വാഹനവും കയറിയിറങ്ങിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പുലർച്ചെ 2.34ഓടെയാണ് അധികൃതർ അപകടസ്ഥലത്തെത്തിയത്. ടെസ്‌ല ഡ്രൈവർ മാത്രമാണ് വാഹനം നിർത്തിയതെന്നാണ് റിപ്പോർട്ട്.

അപകടസമയത്ത് ടെസ്‌ലയുടെ ഡ്രൈവർ സഹായ സംവിധാനമായ ഫുൾ സെൽഫ് ഡ്രൈവിങ് മോഡ് പ്രവർത്തിച്ചിരുന്നുവെന്നാണ് ഡ്രൈവർ അവകാശപ്പെട്ടത്. എന്നാൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുമ്പോഴും വാഹനം സുരക്ഷിതമായി നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം ഡ്രൈവർക്കാണെന്നാണ് കാലിഫോർണിയ നിയമം വ്യക്തമാക്കുന്നത്.

ടെസ്‌ലയുടെ ഓട്ടോമേറ്റഡ് ഡ്രൈവിങ് സഹായ സംവിധാനങ്ങൾ അപകടങ്ങളുമായി ബന്ധപ്പെട്ട് മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ വർഷം ജൂണിൽ ടെക്സസിൽ ഡ്രൈവർ സഹായ സംവിധാനം പ്രവർത്തിച്ചിരുന്ന ടെസ്‌ല കാർ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി 76കാരിയായ മാർത്ത അവിലയുടെ മരണത്തിനും കാരണമായിരുന്നു.

സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യ പുരോഗമിക്കുമ്പോഴും അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവർ ജാഗ്രത പാലിക്കുകയും നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറായിരിക്കുകയും വേണമെന്ന മുന്നറിയിപ്പാണ് ഈ അപകടം വീണ്ടും ഉയർത്തുന്നത്.

ALSO READ: ആരോഗ്യവാനാണെങ്കിൽ പോലും മുജ്തബ ഖാംനഇ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് എന്തുകൊണ്ട്?വിശദീകരണവുമായി ഇറാൻ നയതന്ത്രജ്ഞൻ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക