24
Oct 2026
Sat
24 Oct 2026 Sat
Mumbai Rapido Driver Arrested For Suspected Jaish Links

നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (JeM) ബന്ധമുണ്ടെന്ന് ആരോപിച്ച് മുംബൈയിൽ റാപ്പിഡോ ഡ്രൈവറെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്നും ഇയാൾക്കെതിരെ ആരോപണമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈയിലെ മഹിം സ്വദേശിയായ മുഹമ്മദ് ഹസൻ അബു സർമ്മദ് അക്തർ (33) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഹിം മെട്രോ സ്റ്റേഷന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

റാപ്പിഡോ ഡ്രൈവറായും പെർഫ്യൂം വിൽപ്പനക്കാരനായും ജോലി ചെയ്തിരുന്ന അക്തർ, ഇതിന്റെ മറവിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നതായി അന്വേഷണസംഘം ആരോപിക്കുന്നു. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള രഹസ്യാന്വേഷണ പ്രവർത്തനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും അധികൃതർ ആരോപിച്ചു.

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ ശബ്ദസന്ദേശങ്ങൾ ടെലഗ്രാമിലൂടെ പങ്കുവെച്ചതായും മതസ്പർധ വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചതായും അന്വേഷണസംഘം പറയുന്നു. ‘ഇന്ത്യൻ മുസ്‌ലിം’ എന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് സന്ദേശങ്ങൾ പങ്കുവെച്ചതെന്നാണ് ആരോപണം. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ടെലഗ്രാം ചാനലിലും ഇയാൾ അംഗമായിരുന്നു.

പ്രധാനമന്ത്രി മോദിക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പരാമർശങ്ങൾ എക്‌സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവെച്ചെന്നും അന്വേഷണസംഘം ആരോപിക്കുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന റെഡ്മി നോട്ട് 14 പ്രോ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 39 സ്ക്രീൻഷോട്ടുകളും അന്വേഷണത്തിനായി ശേഖരിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ 196(1) വകുപ്പ് പ്രകാരം വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക