20 രൂപയുടെ ലഘുഭക്ഷണം കഴിക്കാൻ വഴിയരികിൽ വാഹനം നിർത്തിയ വ്യാപാരിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. സ്കൂട്ടറിൽ എത്തിയ രണ്ടുപേർ പണം സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
|
തിങ്കളാഴ്ച വൈകിട്ട് നാലോടെ ജയ്പുരിലെ നഹർഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചമ്പാലാൽ എന്ന വ്യാപാരിയാണ് മോഷണത്തിന് ഇരയായത്. കച്ചോരി കഴിക്കാനായി സ്കൂട്ടർ നിർത്തിയ ഇദ്ദേഹം പണമടങ്ങിയ ബാഗ് സ്കൂട്ടറിന് മുന്നിൽ വെച്ചിരുന്നു.
ഇതിനിടെ മറ്റൊരു സ്കൂട്ടറിലെത്തിയ രണ്ടുപേർ ചമ്പാലാലിന് സമീപം നിർത്തി. പിന്നിലിരുന്നയാൾ പണമടങ്ങിയ ബാഗ് വേഗത്തിൽ കൈക്കലാക്കി സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ചമ്പാലാൽ കച്ചോരി കൈയിൽ പിടിച്ചുകൊണ്ടുതന്നെ മോഷ്ടാക്കൾക്കു പിന്നാലെ ഓടി. പ്രദേശവാസികളും പിന്തുടരാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പിടികൂടാനായില്ല.
ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ചമ്പാലാലിന്റെ പരാതിയിൽ നഹർഗഢ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: കർണാടകയിൽ എസ്ഐആറിലൂടെ വെട്ടിമാറ്റിയത് ഒരു കോടിയോളം വോട്ടർമാരെ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



