നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷകൾ തള്ളിയത്. അപകടവുമായി ബന്ധപ്പെട്ട പുതിയ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശബ്ദരേഖയും കേസിൽ നിർണായകമായെന്നാണ് റിപ്പോർട്ട്.
|
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായത്. നേരത്തെ അങ്കമാലി കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 14 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പ്രതികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. അതേസമയം, കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
ജോയലിന്റെ ശബ്ദരേഖ സുഹൈലിന് കുരുക്കായി
കേസിൽ മൂന്നാം പ്രതി ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് സുഹൈലിനെതിരായ നിർണായക തെളിവുകളിലൊന്നായി മാറിയത്. സുഹൈൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ചെന്നും വഴിയിൽ കാർ സ്കൂട്ടറിൽ ഇടിച്ചെന്നും അപകടത്തിൽ മൂന്നുപേർ മരിച്ചെന്നും തങ്ങൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. നാട്ടുകാർ എത്തിയപ്പോൾ ‘വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ പറഞ്ഞതായും സന്ദേശത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
മൂന്ന് വിദ്യാർഥികളുടെ ജീവനെടുത്ത അപകടം
ഒക്ടോബർ 10ന് പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്ന് പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു.
തൃക്കാക്കരയിലെ കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർഥികളായിരുന്നു മരിച്ച മൂന്നുപേരും. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ALSO READ:പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: മുൻ ഉദ്യോഗസ്ഥൻ പി സതീഷ് അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



