ഹിമാചൽ പ്രദേശിലെ ധർമശാലയിൽ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിൽ വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദേശ വിനോദസഞ്ചാരിക്ക് അപകടത്തിൽ പരിക്കേറ്റെങ്കിലും രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇരുവരും ബൾഗേറിയൻ പൗരന്മാരാണ്.
|
മരിച്ചയാളെ ബൾഗേറിയൻ പൗരനായ മാക്സിം വാലന്റിനോവിച്ച് ഗാവ്രിലിച്ചെങ്കോ (Maxim Valentinovich Gavrilichenko) എന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് സ്റ്റീഫൻ ആന്റണി (Stephen Antony) ആണ്.
ഒക്ടോബർ ഏഴിനാണ് ഗാവ്രിലിച്ചെങ്കോ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച സുഹൃത്തിനൊപ്പം പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ രാവിലെ 11 മണിയോടെ ബിർ ബില്ലിങ്ങിൽനിന്ന് ഇരുവരും പറന്നുയർന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും 3.30നും ഇടയിൽ ധർമ്മശാലയിലെ ഖനൈറ മേഖലയിലുള്ള റൈസിങ് സ്റ്റാർ പീക്കിന് സമീപം ഏകദേശം 2,700 മീറ്റർ ഉയരത്തിൽവെച്ചാണ് അപകടമുണ്ടായത്. ഗാവ്രിലിച്ചെങ്കോ നിലത്തുവീണ് മരിക്കുകയായിരുന്നു. അപകടത്തിന് കാരണം ശക്തമായ കാറ്റാണെന്നാണ് പ്രാഥമിക നിഗമനം.
വിവരം ലഭിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാത്രി ഒൻപതോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), മറ്റ് രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവർ ചേർന്ന് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. ദുർഘടമായ മലനിരകളിൽ നടന്ന പ്രവർത്തനങ്ങൾ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് പൂർത്തിയായത്. രാത്രിയിലുടനീളം രക്ഷാപ്രവർത്തനം തുടർന്നു.
രക്ഷപ്പെടുത്തിയ സ്റ്റീഫൻ ആന്റണിക്ക് ആവശ്യമായ സഹായങ്ങൾ നൽകിയശേഷം ഹെലികോപ്റ്റർ വഴി സുരക്ഷിതമായി മാറ്റിയതായി പൊലീസ് അറിയിച്ചു. മരിച്ച ഗാവ്രിലിച്ചെങ്കോയുടെ മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ധർമ്മശാലയിലെ സോണൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




